കൊച്ചി: തൊഴിൽ നിയമ ഭേദഗതിയിലൂടെ നല്ലൊരു സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ തൊഴിലാളികൾക്ക് സാധ്യമായെന്ന് എം. സ്വരാജ് എംഎൽഎ. സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സഹസ്രം 2019 പ്രദർശന പരിപാടിയിൽ തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിച്ച ‘തൊഴിൽ നിയമ ഭേദഗതിയും ഇരിപ്പിട സൗകര്യവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. തൊഴിൽ മേഖലയുടെ പ്രാരംഭ കാലഘട്ടം കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും അടിമത്തത്തിന്റെയും പ്രതീകമായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ഇന്ന് സമൂഹം കൂടുതൽ ബോധവാന്മാരായി. വസ്ത്രശാലകൾ, ജ്വല്ലറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിലാളികൾ നിൽക്കണം എന്നുള്ളത് അലിഖിതമായ നിയമമായിരുന്നു. ഇരിപ്പിട സൗകര്യത്തിനായി നിയമസഭയിൽ ആദ്യത്തെ സബ്മിഷൻ നൽകിയതിൽ ചാരുതാർത്ഥ്യമുണ്ട്. സർക്കാരിന്റെ ചരിത്രപരമായ തീരുമാനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടം ഉറപ്പാക്കി നിയമഭേദഗതി നടത്തി. തൊഴിലിടങ്ങൾ തൊഴിലാളി സൗഹൃദം ആയിരിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം നടപ്പാക്കിയത്.
ഏതൊരു മഹത്തായ ചിന്തകളെയും കാലം തിരുത്തും. അതിലൂടെയാണ് അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയിലേക്ക് നമ്മൾ മാറിയത്. നമ്മുടെ സംസ്കാരത്തിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങൾ സമൂഹത്തിൽ നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികളും സർക്കാർ ആരംഭിച്ചു. ഇവർക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസൗകര്യം ഒരുക്കുന്ന അപ്നാ ഘർ പദ്ധതി പാലക്കാട് ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നിലവാരത്തിൽ സംസ്ഥാനത്തെ ഈ മാറ്റങ്ങൾ അംഗീകരിക്കപ്പെടുകയാണ്. നഴ്സിംഗ് ഉൾപ്പെടെ 25 തൊഴിൽ മേഖലകളിൽ മിനിമം വേതനം നടപ്പാക്കാൻ കഴിഞ്ഞു. കൂടുതൽ മെച്ചപ്പെട്ട നാളേയ്ക്ക് ഇത് തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും സ്ത്രീ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് നിലവിൽ രാത്രി ഏഴ് മണി വരെയായിരുന്നു. പുതിയ നിയമ ഭേദഗതിയിലൂടെ അത് രാത്രി ഒമ്പത് മണി വരെയാക്കി നിശ്ചയിച്ചു. രാത്രി ഒമ്പത് മണിക്ക് ശേഷം സ്ത്രീകളെ അവരുടെ സമ്മതത്തോടുകൂടി ജോലിക്ക് നിയോഗിക്കാം. അവരുടെ അന്തസ്സും സുരക്ഷയും ഉറപ്പുവരുത്താൻ തൊഴിലുടമ നടപടികൾ സ്വീകരിക്കണം. സ്ഥാപനത്തിലെ കുറഞ്ഞത് രണ്ടു സ്ത്രീകളെങ്കിലും ഉൾപ്പെട്ട അഞ്ച് അംഗങ്ങളുടെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തി മാത്രമേ രാത്രി ഒമ്പത് മണിക്ക് ശേഷം ജോലി ചെയ്യിക്കാൻ പാടുള്ളൂ. അവർക്ക് ആവശ്യമാകുന്ന ഘട്ടത്തിൽ താമസ സൗകര്യവും സ്ഥാപനത്തിൽ നിന്നും താമസസ്ഥലം വരെയുള്ള യാത്രാസൗകര്യവും തൊഴിലുടമയുടെ ചെലവിൽ ഉറപ്പുവരുത്തണം.
മികച്ച സ്ഥാപനങ്ങൾക്ക് വജ്ര, സുവർണ്ണ, രജത അവാർഡുകൾ തൊഴിലും നൈപുണ്യവും വകുപ്പ് ഏർപ്പെടുത്തുന്നുണ്ട്. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസനത്തിൽ സ്ഥാപനത്തിന്റെ പങ്കാളിത്തം, സ്ത്രീ സൗഹൃദ അന്തരീക്ഷം, തൊഴിലാളികൾക്ക് നൽകുന്ന സൗകര്യങ്ങൾ, തൊഴിലിടങ്ങളിലെ സുരക്ഷ, മിനിമം വേതനവും മറ്റു ആനുകൂല്യങ്ങളും ഉറപ്പാക്കൽ, മാന്യമായ തൊഴിൽ സാഹചര്യം എന്നിവയാണ് ഗ്രേഡിംഗിനുള്ള പരിഗണനാ വിഷയങ്ങൾ.
സെമിനാറിൽ പങ്കെടുത്ത തൊഴിലാളികളിൽ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. തൊഴിൽ മേഖലയിൽ തങ്ങൾക്ക് ഇരിപ്പിടം ലഭ്യമാക്കിയ സർക്കാരിന് അവർ നന്ദി പറഞ്ഞു. വസ്ത്രശാലകൾ, ജ്വല്ലറികൾ, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ സെമിനാറിൽ പങ്കെടുത്തു.
ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) വി.ബി ബിജു, ജില്ലാ ലേബർ ഓഫീസർ (ജനറൽ) സി.എസ് നാസിറുദ്ദീൻ, അസിസ്റ്റന്റ് ലേബർ ഓഫീസർ എസ്. വിനീത്, വിവിധ സംഘടനാ നേതാക്കളായ അഡ്വ. എസ്. കൃഷ്ണമൂർത്തി, കെ.കെ ഇബ്രാഹിംകുട്ടി, കെ.വി മധുകുമാർ, കെ.എൻ ഗോപി, വിവിധ മേഖലയിലെ തൊഴിലുടമകൾ, തൊഴിലും നൈപുണ്യവും വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.