ആലപ്പുഴ: കേരളത്തിലെ വിവിധ ജില്ലകളിലായി രണ്ടായിരത്തിലധികം ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങുന്നത് വിഭാവനം ചെയ്ത് കയർ കോർപ്പറേഷന്റെ 2019-20 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും, വിറ്റുവരവ് 300 കോടി രൂപയാക്കുന്നതിനുള്ള ബജറ്റും ഡയറക്ടർ ബോർഡ് അംഗീകരിച്ചു. കഴിഞ്ഞ 10 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, പുതുവർഷത്തിൽ വിറ്റുവരവിലും ലാഭത്തിലും പുതിയ ഉയരങ്ങൾ കീഴടക്കുന്നതിനുള്ള ശ്രമത്തിലാണ്. തനത് സാമ്പത്തിക വർഷം ഇതുവരെ 160 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനി വർഷാവസാനത്തോടെ വിറ്റുവരവ് 170 കോടിയിൽ എത്തിക്കുവാനുള്ള തീവ്രശ്രമത്തിലാണ്. 2019-20 വർഷത്തിൽ 300 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
കമ്പനിയുടെ അടൂർ ഡിവിഷനിൽ വർദ്ധിച്ച ഉൽപ്പാദനക്ഷമതയുള്ള 4 ടഫ്റ്റിംഗ് ലൈനുകൾ സ്ഥാപിക്കുക, ടഫ്റ്റഡ് ഡോർമാറ്റുകളുടെ മൂല്യ വർദ്ധനയ്ക്കായി അടൂർ ഡിവിഷനിൽ സ്റ്റെൻസിലിംഗ് യൂണിറ്റ് സ്ഥാപിക്കുക,
കമ്പനിയുടെ ബേപ്പൂർ ഡിവിഷനിൽ മെത്ത നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുക, അധിക ഉൽപ്പാദനക്ഷമതയുള്ള ഓട്ടോമാറ്റിക്ക് തറികൾ സ്ഥാപിച്ച് കയർ ഭൂവസ്ത്രം നിർമിക്കുക, കേരളത്തിലെ
എല്ലാ ജില്ലകളിലുമായി രണ്ടായിരത്തിലധികം ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലൂടെ കയർ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക തുടങ്ങിയവ പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ചകിരി ലഭ്യതയിൽ സ്വയംപര്യാപ്തത നേടുന്നതിന് വേണ്ടി ലക്ഷദ്വീപിൽ ചകിരി മില്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിച്ചു വരുന്നു. 15 കോടി രൂപ ചെലവിൽ വിദേശ സാങ്കേതിക സഹായത്തോടെ മറൈൻ പ്ലൈവുഡിന് തുല്യമായ ചകിരിഅധിഷ്ഠിത ബോർഡുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് കമ്പനിയുടെ കണിച്ചുകുളങ്ങര ഡിവിഷനിൽ ഉടൻ ആരംഭിക്കും. ധനകാര്യ-കയർ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്റെ നേതൃത്വപാടവവും കയർ മേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി അദ്ദേഹം നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങളും കയർമേഖലയുടെ രണ്ടാം പുനഃസംഘടനയ്ക്ക് ഊർജ്ജം പകരുന്നുവെന്നും കയർ കോർപ്പറേഷന്റെ ഉന്നമനത്തിനും വർദ്ധിച്ച് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മുൻതൂക്കം നൽകുന്നതെന്നും ചെയർമാൻ ടി. കെ. ദേവകുമാർ പറഞ്ഞു.

sir