ബാലവേല, ബാല ഭിക്ഷാടനം, തെരുവുബാല്യം എന്നിവയില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ശരണബാല്യം പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആദ്യ ഘട്ടത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. കഴിഞ്ഞ വര്‍ഷം ശബരിമല മണ്ഡല മകരവിളക്കു കാലത്ത് പത്തനംതിട്ട ജില്ലയില്‍ ശരണബാല്യം പദ്ധതി വിജയകരമായി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ബാലവേല, ഭിക്ഷാടനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 1517 എന്ന നമ്പരില്‍ വിവരം അറിയിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിനായി പത്തനംതിട്ട ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. ഒ. അബീനെ സംസ്ഥാന നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
നാലു ജില്ലകളിലും ആറ് വീതം റെസ്‌ക്യൂ ഓഫീസര്‍മാരെ പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സംസ്ഥാനത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, റെയില്‍വേസ്‌റ്റേഷനുകള്‍, ബസ് സ്‌റ്റേഷനുകള്‍, ട്രെയിനുകള്‍, തിരക്കേറിയ നഗര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ശബരിമല സീസണില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കച്ചവട ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന 12 കുട്ടികളെ മോചിപ്പിക്കുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന പുനരധിവാസത്തിന് നടപടിയെടുക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, എ. ഒ. അബീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.