* ‘ജലസംഗമം’ പ്രദർശനം ഉദ്ഘാടനം ചെയ്തു
ജനങ്ങളെ കൂടെച്ചേർത്ത് മുന്നോട്ടുകൊണ്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷൻ പ്രവർത്തനങ്ങളുടെ വിജയമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു.
ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവന – ജലസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘ജലസംഗമ’ത്തിന്റെ ഭാഗമായുള്ള പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക കേരളം സൃഷ്ടിക്കുന്നതിന് കേരളത്തിലെ ഗൗരവപ്പെട്ട പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ ഹരിതകേരളം മിഷൻ വഴിയാണ് അഭിസംബോധന ചെയ്യുന്നത്. പരിസ്ഥിതി, പ്രകൃതി, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളും ക്രിയാത്മകമായ ജലവിനിയോഗവും ഉൾപ്പെടെ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ മിഷന് ചെയ്യാനായി. ഇവയിൽനിന്ന് തിരഞ്ഞെടുത്ത പ്രവർത്തനങ്ങൾ മറ്റുപ്രദേശങ്ങളിലുള്ളവർക്ക് മനസിലാക്കാനും അതത് സ്ഥലങ്ങളിലെ പ്രകൃതിക്കനുസരിച്ച് ഉപയോഗിക്കാനും പ്രദർശനം സഹായിക്കും.
എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ജനങ്ങൾ ഏറ്റെടുക്കുന്ന വിധമാകണം മിഷന്റെ പ്രവർത്തനം. ഇതാണ് കേരളമാതൃകയെന്ന രീതിയിൽ ജനകീയമായി നടപ്പാക്കാനായതിനാലാണ് പുതിയ അവബോധം സമൂഹത്തിൽ സൃഷ്ടിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിച്ചു. കേരളമാകെ നടപ്പാക്കി വരുന്ന ഹരിതകേരളം പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും
വിദഗ്ധർക്ക് മുന്നിൽ ചർച്ചചെയ്യാനും ജലസംഗമത്തിലൂടെ കഴിയുമെന്ന് ഡോ.ടി.എൻ.സീമ പറഞ്ഞു. ഓരോപ്രദേശങ്ങളിലും നടപ്പാക്കിയ പദ്ധതികൾ മനസിലാക്കാൻ പ്രദർശനം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഹരിതകേരളം പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ഹരിതവിപ്ലവമാണ് നടക്കുന്നതെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ചടങ്ങിന് ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.എസ് ശോഭ സ്വാഗതവും ഹരിതകേരളം മിഷൻ കൺസൾട്ടൻറ് എസ്.യു. സഞ്ജീവ് നന്ദിയും പറഞ്ഞു.
പ്രദർശനം ഉദ്്ഘാടനം ചെയ്തശേഷം മന്ത്രി എ.സി. മൊയ്തീൻ സ്റ്റാളുകളും സന്ദർശിച്ചു.