അങ്കമാലി: താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചും അല്ലാതെയും ആരോഗ്യ രംഗത്ത് നടപ്പാക്കിയ പദ്ധതികളുടെ അംഗീകാരം കൂടിയായി നഗരസഭക്കു ലഭിച്ച ആർദ്ര കേരളം അവാർഡ്.ശോച്യാവസ്ഥയിലായിരുന്ന അങ്കമാലി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വിവിധ പദ്ധതികൾ നഗരസഭ ഭരണ സമിതി ആവിഷ്കരിച്ച് നടപ്പിലാക്കി. ഒരു കോടിയിലധികം തുക ആശുപത്രി വികസനത്തിന് ചെലവഴിച്ചു. കൃത്യമായ മാലിന്യ സംസ്കരണവും ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും കൂടുതൽ ശ്രദ്ധ നൽകി. സ്വകാര്യ ആശുപത്രികളെ പിന്നിലാക്കുന്ന സൗകര്യങ്ങളോടെയാണ് ഓപ്പറേഷൻ തീയറ്ററും മാതൃ ശിശു വാർഡും രൂപീകരിച്ചിരിക്കുന്നത്.- മോർച്ചറി നവീകരിച്ചു. ഓരോ വാർഡു കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും യോഗാ ക്ലാസുകൾ ആരംഭിച്ചു. പ്രായമായവർക്കും യോഗാ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഒരുക്കി. നഗരസഭയ്ക്കു കീഴിൽ 18 വയസിനു താഴെയുള്ള എല്ലാ കുട്ടികളുടെയും ചികിത്സ സൗജന്യമാണ്. കുട്ടികളുടെ മാനസികോല്ലാസത്തിനായി നഗരസഭക്കു കീഴിൽ പാർക്ക് രൂപീകരിച്ചു. ഇവിടെയെല്ലാം വാട്ടർ എ ടി എം , മാലിന്യ സംസ്കരണ യൂണിറ്റ് എന്നിവയും നഗരസഭ ഭരണ സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചതാണ്. ലഭിച്ച ഫണ്ടുകളെല്ലാം നൂറ് ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞത് നേട്ടമായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് പറഞ്ഞു. സർക്കാർ പദ്ധതികളും ക്യാമ്പയ്നുകളും കൃത്യമായി വിജയിപ്പിക്കാൻ സാധിച്ചു.
എം എ ഗ്രേസിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണ സമിതി 45 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയിൽ പുതിയ അഡ്മിനിസ്ട്രീവ് ബ്ലോക്ക് രൂപീകരിച്ചു. ഏഴ് ലക്ഷം രൂപ മുടക്കി ഇൻസിലേറ്റർ സ്ഥാപിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ഇ-ടോയ്ലറ്റുകളും സ്ഥാപിച്ചു. ആയുർവേദ അലോപ്പതി ഹോമിയോ രംഗത്തും വിവിധ പദ്ധതികൾ നടപ്പിലാക്കി. മാതൃ -ശിശു വാർഡ് , മാമോഗ്രാം യൂണിറ്റ്, അൾട്രാസൗണ്ട് സ്കാനിംഗ് സെന്റർ എന്നിവയും ആശുപത്രിയിലുണ്ട്. മികച്ച ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയ നഗരസഭകൾക്കു നൽകുന്ന ആർദ്ര കേരളം സംസ്ഥാനതല രണ്ടാം സ്ഥാനമായ 5 ലക്ഷം രൂപയാണ് അങ്കമാലി നഗരസഭയ്ക്കു ലഭിച്ചത്.
