കളിയും കിളികൊഞ്ചലും ചിണുങ്ങലുമായി അക്ഷരലോകത്തേക്കു പിച്ചവെച്ചക്കാന്‍ എത്തിയ കുരുന്നുകളെ ജില്ലയിലെ പൊതുവിദ്യാലങ്ങള്‍ ആഘോഷമായി വരവേറ്റു. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പ്രവേശനനോത്സവത്തിലൂടെ ഒരുമിച്ചാണ് വേനലവധിക്കുശേഷം തുറന്നത്.
ജില്ലാതല പ്രവേശനനോത്സവം നടന്ന ബന്തടുക്ക ജിഎച്ച്എസ്എസ് പ്രൗഡഗംഭീരമായാണ് നവാഗതരെ വരവേറ്റത്.വിവിധ വര്‍ണ്ണങ്ങളിലുള്ള പുത്തന്‍ ഉടുപ്പുകള്‍ ധരിച്ചെത്തിയ കുരുന്നുകളെ ബന്തടുക്ക പെട്രോള്‍ പമ്പ് പരിസരത്തു നിന്ന് ഘോഷയാത്രയുടെ അകമ്പടിയോടെയാണു സ്കൂളിലേക്ക് ആനയിച്ചത്. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും അധ്യാപക-പിടിഎ അംഗങ്ങള്‍ കൈലേന്തിയ മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് ഉത്സവത്തിന്റെ വര്‍ണ്ണപൊലിമ പകര്‍ന്നു.ഇതിനുപുറമേ സ്റ്റുഡന്റ് പോലീസ് കേഡറ്റും എന്‍എസ്എസ് വളണ്ടിയേഴ്സും സ്കൗട്ടും റെഡ് ക്രോസും ഘോഷയാത്രയുടെ ഭാഗമായി.

