കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2018-19 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്ക് ലഭിച്ച കൂലിയും മിനിമം കൂലിയും തമ്മിലുള്ള വ്യത്യാസം പരമാവധി 1250 രൂപ ആനുകൂല്യമായി ലഭിക്കും. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും ഹാൻവീവിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്കുമാണ് ആനുകൂല്യം നൽകുന്നത്. സൗജന്യ അപേക്ഷാഫോമും വിശദാംശങ്ങളും കേരളാ കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുള്ള ഹെഡ് ഓഫീസിൽ നിന്നും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷ ജൂൺ 15 നകം അതത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം.
കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡ്: ലാപ്ടോപ്പ് വിതരണം അപേക്ഷ ക്ഷണിച്ചു
കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 30-ാം വാർഷികം പ്രമാണിച്ച് ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2019 മാർച്ചിലെ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 2019 മാർച്ച് 31ന് ക്ഷേമനിധിയിൽ രണ്ടു വർഷം അംഗത്വം പൂർത്തിയായവർക്ക് അപേക്ഷിക്കാം.
നിർദിഷ്ട ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷ പ്ലസ്ടു സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ക്ഷേമനിധി കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് ജൂൺ 30ന് മുമ്പ് സമർപ്പിക്കണം. ഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ്ഡോഫീസിൽ നിന്നും ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ അഞ്ചു രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡ്, താളിക്കാവ്, കണ്ണൂർ-670001 എന്ന വിലാസത്തിൽ അപേക്ഷിക്കണം.