തരിശ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പടിയൂര്‍-കല്യാട് ഗ്രാമ പഞ്ചായത്തില്‍ ഒരുങ്ങുന്നത് ആറേക്കര്‍ കരനെല്‍കൃഷി. മൂന്ന് കേന്ദ്രങ്ങളിലായാണ് പദ്ധതിയുടെ ഭാഗമായി കരനെല്‍കൃഷി ചെയ്യുന്നത്. സ്വകാര്യ വ്യക്തികളുടെ തരിശ് നിലങ്ങള്‍ കര്‍ഷകര്‍ പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ കറവൂരില്‍ ആരംഭിച്ച കരനെല്‍കൃഷിയുടെ വിത്തുവിതയ്ക്കല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്, സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയാണ് പഞ്ചായത്ത് കൃഷി നടപ്പാക്കുന്നത്. 10 ദിവസത്തിനുള്ളില്‍ ആറ് ഏക്കറിലും വിത്തിടല്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി നേരത്തെ 30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കശുമാവ് കൃഷി ആരംഭിച്ചിരുന്നു. ഇതിന് പുറമെ പഞ്ചായത്തില സ്വകാര്യ വ്യക്തികള്‍ക്ക് കശുമാവിന് തൈകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ച് ഏക്കര്‍ സ്ഥലത്ത് നായ്ക്കുരുണ കൃഷിയും ചെയ്തുവരുന്നു. നെല്ല്, വാഴ, വിവിധയിനം പച്ചക്കറികള്‍, കപ്പ തുടങ്ങി മറ്റ് നിരവധി വിളകളും പഞ്ചായത്തില്‍ പൂര്‍ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. തരിശ് രഹിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ അവസാന ഘട്ടത്തിലാണ് പഞ്ചായത്തെന്നും ഏതാനും സ്ഥലത്ത് കൂടി കൃഷി വ്യാപിപ്പിച്ചാല്‍ ഉടന്‍ പ്രഖ്യാപനം നടത്താന്‍ കഴിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നടീല്‍ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി വി രാജീവ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജിനു, പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
