ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ  നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി ബാലവേല വിരുദ്ധ ദിനാചരണത്തിന് ഭാഗമായി കൂട്ടയോട്ടവും തെരുവ് നാടകവും ഫ്ലാഷ് മോബും തൊടുപുഴ ന്യൂമാൻ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും സഹകരണത്തോടെ  സംഘടിപ്പിച്ചു. പരിപാടിയിൽ തൊടുപുഴ എസ് ഐ സാഗർ എം.പി യുടെ സാനിധ്യത്തിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജെസ്സി ആന്റണി തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിന്നും കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് നാലുമണിക്ക് ആരംഭിച്ച കൂട്ടയോട്ടം തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. തുടർന്ന്
 ന്യൂമാൻ കോളേജിലെ കുട്ടികൾ ഫ്ലാഷ് മോബും തെരുവു നാടകവും അവതരിപ്പിച്ചു. ‘കനിവറ്റ വെയിലേറ്റ് കരിയരുത് ബാല്യം കനവിന്റെ കതിരിട്ട് വിളയട്ടെ ബാല്യം’  സന്ദേശത്തെ ആസ്പദമാക്കിയാണ്  പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി  സന്ദേശം നൽകി.ജില്ലാ ശിശു സംരക്ഷണ ഓഫീസർ ലിസ്സി തോമസ് പരിപാടികൾക്ക് നേതൃത്വം നൽകി.  ശരണബാല്യം റെസ്ക്യൂ ഓഫീസർ കിരൺ കെ പൗലോസ്,  ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്, ന്യൂ മാൻ കോളേജ് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ബാലവേല- ബാലഭിക്ഷാടനം -തെരുവ് ബാല്യ മുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖാന്തിരം നടപ്പിലാക്കുന്ന കർമ പദ്ധതിയാണ് ശരണബാല്യം. 2018 നവംബർ മാസം മുതലാണ് ഇടുക്കി ജില്ലയിൽ ഈ പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി ജില്ലാതലത്തിൽ നടപ്പിലാക്കിവരുന്നത്. കൂടാതെ ജില്ലയിലെ പോലീസ്, തൊഴിൽ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയിൽ വിവിധ മേഖലകളിൽ റെസ്ക്യൂ ഡ്രൈവുകളും നടത്തിവരുന്നു.