പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ വിതരണത്തിന് പായം പഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പട്ടികവര്‍ഗ പ്രൊജക്ട് ഡയറക്ടര്‍ ജാക്വലിന് ഷൈനി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 7.24 ലക്ഷം രൂപയാണ് ഈ വര്‍ഷം പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്തിലെ 13 കോളനികളിലെ ഹൈസ്കൂള്‍തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഭക്ഷണം നല്‍കുന്നത്.
പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലായി പഠനം നടത്തുന്ന 90 വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കുടുംബശ്രീക്കാണ് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിന്റെ ചുമതല. വിദ്യാലയങ്ങള്‍ക്കടുത്തുള്ള കേന്ദ്രങ്ങളിലാണ് ഭക്ഷണം തയ്യാറാക്കുക. രാവിലെ 8.30 ഓടെ ഈ കേന്ദ്രത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വാദിഷ്ഠമായ ഭക്ഷണം കഴിച്ച് വിദ്യാലയങ്ങളിലേക്ക് പോകാം. ഇഡലി, സാമ്പാര്‍, പൂരി, ബാജി, പുട്ട്, കടല തുടങ്ങിയ വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. പായം ഗവ. യു പി സ്കൂളിന് സമീപമുള്ള വായനശാലയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി സാവിത്രി, പഞ്ചായത്ത് അംഗം വി കെ ചന്തു വൈദ്യര്, പായം ഗവ. യു പി സ്കൂള്‍ ഹെഡ്മാസ്റ്റര് ചന്ദ്രന് മാസ്റ്റര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
