തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് വിവിധ തൊഴിൽ രംഗത്ത് പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ജില്ലാ നൈപുണ്യ വികസന സമിതിയുടെ ആദ്യ യോഗം ചേർന്നു. സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര സർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസനമന്ത്രാലയത്തിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായാണ് നൈപുണ്യ വികസന സമിതിയുടെ പ്രവർത്തനം. തൊഴിൽ നൈപുണ്യവും സംരംഭവികസന സഹായവുമാണ് സമിതിയുടെ പ്രധാന ലക്ഷ്യം. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുറത്ത് നിന്നുള്ള കുട്ടികൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനത്തിനുള്ള സാഹചര്യം ഒരുക്കാൻ മുന്നോട്ട് വരണമെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.
ജില്ലയിലെ വിവിധ തൊഴിൽ പരിശീലന പ്രവർത്തനങ്ങളും അവയുടെ ഏകോപനവും നൈപുണ്യ വികസന സമിതി നിർവ്വഹിക്കും. ജില്ലയിലെ പദ്ധതിയുടെ നോഡൽ ഓഫീസായി അസാപ്പിനെ തിരഞ്ഞെടുത്തു. നബാർഡ് ഉൾപ്പെടെ ബാങ്കിംഗ് മേഖലയിൽ നിന്നുള്ള സഹായങ്ങൾക്കും വിവിധ സ്ഥാപനങ്ങൾ നൽകുന്ന സൗജന്യ പരിശീലനങ്ങൾക്കും കൂടുതൽ പ്രചാരണം നൽകാൻ യോഗം തീരുമാനിച്ചു. നിലവിൽ വിവിധ വകുപ്പുകൾ നടത്തിവരുന്ന തൊഴിൽ പരിശീലന പദ്ധതികളുടെ വിശദാംശങ്ങൾ കമ്മറ്റി പരിശോധിക്കും.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോൺ, കളമശ്ശേരി ഗവ: ഐ.ടി.ഐ പ്രിൻസിപാൾ രഘുനാഥൻ പി.കെ, തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപാൾ വിനു തോമസ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ നീതു സത്യൻ, കളമശ്ശേരി വനിത പോളിടെക്നിക് പ്രിൻസിപാൾ ടോണി ഇ. ടി, എംപ്ലോയ്മെന്റ് ഓഫീസർ കെ.എസ് ബിന്ദു എന്നിവർ പങ്കെടുത്തു.