*മരണമടഞ്ഞ 25 പേരുടെ കുടുംബങ്ങൾക്ക് തുക കൈമാറി

ഓഖി ദുരന്തത്തിൽ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ദുരന്തത്തിൽ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 20 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള രണ്ടു ലക്ഷം രൂപയും വിഴിഞ്ഞത്തു നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന്റെ താങ്ങായ ഒരാൾ നഷ്ടപ്പെട്ടാൽ ഒന്നും അതിന് പകരമാവില്ല. കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ഒരുമിച്ചു നൽകുമെന്ന് പറഞ്ഞിരുന്നത് യാഥാർത്ഥ്യമാവുകയാണ്. തിരിച്ചെത്താത്തവരുടെ കുടുംബങ്ങൾക്കും നടപടികൾ പൂർത്തിയാക്കി ഇതേ തുക നൽകും. കാണാതായവരെ സംബന്ധിച്ച പരിശോധന പുരോഗമിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങൾക്ക് സംരക്ഷണത്തിനായി ഒരു നിശ്ചിത തുക നൽകും. നേരത്തെ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് കുടുംബങ്ങളിലെ ഒരാൾക്ക് അർഹത അനുസരിച്ച് തൊഴിൽ നൽകുകയും ചെയ്യും. വീടുകൾ തകർന്നതും നഷ്ടപ്പെട്ടതുമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സുരക്ഷിത ഭവനം ഒരുക്കും. ദുരന്തനിവാരണ നടപടികളിൽ എല്ലാവരും ഒരേ മനസോടെ ഏർപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
മരണമടഞ്ഞ 25 പേരുടെ 102 അവകാശികൾക്കാണ് തുക കൈമാറിയത്. വിഴിഞ്ഞ വില്ലേജിലെ സൈറസ്, എസ്. ജയൻ, മുത്തപ്പൻ, മേരിദാസൻ, സേവ്യർ, വിൻസെന്റ്, ഷാജി, കൊട്ടുകൽ വില്ലേജിലെ സെസിലന്റ്, ആന്റണി, സ്‌റ്റെല്ലസ്, കരുങ്കുളം വില്ലേജിലെ രതീഷ്, ജോസഫ് കോറിയ, പൂവാർ വില്ലേജിലെ പനിതാസൻ, കുളത്തൂർ വില്ലേജിലെ മേരി ജോൺ, അലക്‌സാണ്ടർ, തിരുവനന്തപുരം താലൂക്കിലെ ക്രിസ്റ്റി, സേവ്യർ, ലാസർ, ആരോഗ്യദാസ്, ഈപ്പച്ചൻ, സെൽവരാജ്, അബിയാൻസ്, സിൽവപിള്ള, സേവ്യർ, ജെറാൾഡ് കാർലോസ് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് തുക നൽകിയത്.
മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മെഴ്‌സിക്കുട്ടിഅമ്മ, ശശിതരൂർ എം. പി, എം. എൽ. എമാരായ വി. എസ്. ശിവകുമാർ, കെ. ആൻസലൻ, എം. വിൻസെന്റ്, ജില്ലാ കളക്ടർ കെ. വാസുകി എന്നിവർ സംബന്ധിച്ചു.