ഉദ്യാനനഗരി ഉൾപ്പെടെ മലമ്പുഴ മോഡൽ വികസനം തെന്മല ഡാമിൽ കൊണ്ടുവരാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കിഡ്‌സ്) നേതൃത്വത്തിൽ 10 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ഡാമിനോട് ചേർന്നുള്ള 100 ഹെക്ടർ സ്ഥലത്ത് ഉദ്യാനവും മറ്റ് വിനോദനോപാധികളും പദ്ധതിയുടെ ഭാഗമായി നിർമിക്കും.

ഡാമിൽ നിന്നും കൃഷിക്കും കുടിവെള്ള പദ്ധതികൾക്കുമായി കൂടുതൽ വെള്ളമെത്തിക്കാൻ ശാസ്ത്രീയ രീതികൾ അവലംബിക്കും. വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിലൂടെ ജലവിനിയോഗം ഫലപ്രദമാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ തെന്മല ഡാം സന്ദർശനത്തെ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.

കൃഷിക്കാർക്ക് കൂടുതൽ വെള്ളം എത്തിക്കുന്നതിനും ജലസേചന പദ്ധതികൾക്ക് ജലനഷ്ടമില്ലാതെ വെള്ളം എത്തിക്കുന്നതിനും വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ഇറിഗേഷൻ, കൃഷി, വനം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. കാർഷിക മേഖലയിൽ കൂടുതൽ വെള്ളം എത്തിക്കുന്നതിനും ജലസേചന പദ്ധതികൾ ഫലപ്രദമാക്കുന്നതിനും പ്രാധാന്യം നൽകും. തമിഴ്‌നാട്ടിൽ വ്യാപകമായി ഉപയോഗിക്കുന്ന തുള്ളിനന സംബന്ധിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കും. നാണ്യവിളകൾക്ക് കൂടി ജലസേചനത്തിന് സൗകര്യമൊരുക്കുന്ന കാര്യം പരിഗണിക്കും.

കുടിവെള്ള പദ്ധതികളിലേക്ക് ഡാമിൽ നിന്നും വെള്ളം എത്തിക്കുമ്പോഴുണ്ടാകുന്ന ജലചോർച്ച തടയുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ ആരായും. കനാലിന്റെ ചില ഭാഗങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സൂര്യപ്രകാശം ലഭ്യമായ സ്ഥലങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ പുരോഗമിക്കുകയാണ്.

ഒറ്റക്കൽ ലുക്കൗട്ടിൽ മൂന്ന് കോടി രൂപ ചെലവിൽ ടൂറിസം വകുപ്പിന്റെകൂടി സഹകരണത്തോടെ മോടിപിടിപ്പിക്കും.
തെന്മല ഡാമിൽ ഭൂകമ്പമാപിനി സ്ഥാപിക്കുന്നതിന് കരാർ ആയി. 30 കോടി രൂപയാണ് ഭൂകമ്പമാപിനിയുടെ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ഡാമിൽ നിന്നും എക്കലും മണ്ണും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. പൈലറ്റ് പദ്ധതിയായി രണ്ട് ഡാമുകളിലെ മണ്ണ് നീക്കം ആദ്യഘട്ടത്തിൽ നടത്തും. അതിനുശേഷം മാത്രമേ തെന്മല ഡാമിലെ മണ്ണ് നീക്കത്തെക്കുറിച്ച് തീരുമാനിക്കാൻ സാധിക്കൂ. കനാലിൽ മാലിന്യം ഇടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എം എൽ എ മാരായ പി ടി എ റഹീം, കെ ജെ മാക്‌സി, ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ, പുനലൂർ ആർ ഡി ഒ ബി.രാധാകൃഷ്ണൻ, കെ ഐ പി ചീഫ് എൻജിനീയർ ടി ജി സെൻ, സുപ്രണ്ടിങ്ങ് എൻജിനീയർ ശിവപ്രസാദൻപിള്ള, എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ സുനിൽരാജ്, ബഷീർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സിബി ജോസഫ് പേരയിൽ, ഡെപ്യൂട്ടി ഡയറക്ടർ ശ്രീലതാ കുഞ്ഞമ്മ തുടങ്ങിയവർ പങ്കെടുത്തു.