തീരസംരക്ഷണത്തിന് കേരലത്തിലുടനീളം കടലൂർ മാതൃക നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആനയറ കാർഷിക മൊത്തവിതരണ കേന്ദ്രത്തിൽ ആരംഭിച്ച മത്‌സ്യസംഭരണ കേന്ദ്രവും ഫിഷ് മാർട്ടും അന്തിപ്പച്ച മൊബൈൽ ഫിഷ്മാർട്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓഫ്‌ഷോർ ബ്രേക്ക്‌വാട്ടർ സംവിധാനത്തിലൂടെ പൂന്തുറ മുതൽ ശംഖുംമുഖം വരെയുള്ള തീരമേഖല തിരിച്ചുപിടിക്കും.
തീരമേഖലയിലുള്ളവരുടെ പുനരധിവാസത്തിന് 1398 കോടി രൂപയാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്. മത്‌സ്യത്തൊഴിലാളികൾക്കിടയിലെ യുവജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ ഓൺലൈൻ മത്‌സ്യവിപണന മേഖലയിലേക്ക് കൊണ്ടുവരുന്നത് മത്‌സ്യഫെഡിന്റെ പരിഗണനയിലാണ്. ഓൺലൈൻ മത്‌സ്യവിപണനം നേരത്തേ ആലോചിച്ചിരുന്നെങ്കിലും മത്‌സ്യത്തൊഴിലാളി സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുമെന്നു കരുതി ഒഴിവാക്കുകയായിരുന്നു.
അതിനിടെ നിരവധി ഓൺലൈൻ മത്‌സ്യവിപണികൾ സ്വകാര്യ മേഖലയിൽ നിലവിൽ വരികയും ചെയ്തു. മത്‌സ്യവിപണനത്തിന് ആധുനിക മാർക്കറ്റിംഗ് സംവിധാനങ്ങൾ മത്‌സ്യമേഖലയിലെ ചെറുപ്പക്കാരെ പരിശീലിപ്പിക്കും.
രജിസ്റ്റർ ചെയ്യാത്തതും ലൈസൻസില്ലാത്തതുമായ വള്ളങ്ങൾ കടലിൽ പോയി മത്‌സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിൽപെട്ടാൽ ഉടയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മത്‌സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ മൂല്യമനുസരിച്ചുള്ള വരുമാനം അവർക്ക് ലഭിക്കുന്നില്ല. മത്‌സ്യത്തിന് ന്യായവില ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇതിനായി ചില സ്ഥാപിത താത്പര്യക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുതലപ്പൊഴി മുതൽ വിഴിഞ്ഞം വരെയുള്ള മേഖലയിൽ നിന്ന് മത്സ്യം നേരിട്ട് ശേഖരിച്ച് വേൾഡ് മാർക്കറ്റിലെ കേന്ദ്രത്തിൽ സൂക്ഷിച്ച് ജില്ലയാകെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഗുണമേൻമയുള്ള മത്‌സ്യം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് മത്‌സ്യഫെഡ് ശ്രമിക്കുന്നത്.
അന്തിപ്പച്ച മൊബൈൽ വിൽപന കേന്ദ്രം ആദ്യം സെക്രട്ടേറിയറ്റിലാണ് ആരംഭിച്ചത്. ഇത് വിജയമായിരുന്നു. കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഇപ്പോൾ മൊബൈൽ വിൽപന കേന്ദ്രങ്ങളുണ്ട്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് പദ്ധതികളും മത്‌സ്യഫെഡ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗുണനിലവാരമുള്ള മത്‌സ്യം നാട്ടിലാകെ എത്തിക്കാനാവണം. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മത്‌സ്യത്തൊഴിലാളി മേഖലയ്ക്ക് നിരവധി സഹായം നടപ്പാക്കിയതായി മന്ത്രി പറഞ്ഞു.
മത്‌സ്യഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ, മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ്, വിവിധ മത്‌സ്യത്തൊഴിലാളി സംഘടന നേതാക്കൾ, മത്‌സ്യഫെഡ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.