കാസർഗോഡ്: ലോക മുലയൂട്ടല്‍ വാരാചരണത്തിന് ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടന്നു. രക്ഷിതാക്കളെ ബോധവല്‍ക്കരിക്കൂ, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ഒപ്പു ശേഖരണം നടത്തിയത്.

കളക്ടറേറ്റില്‍ നടന്ന ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു . ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് ,ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേന ഭരതന്‍ , ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിജു പി എന്നിവര്‍ സംസാരിച്ചു. ജീവനക്കാരും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്തു.

മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ജില്ലാതല ഉല്‍ഘാടനം ഇന്ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസിന്റേയും ആരോഗ്യവകുപ്പിന്റേയും ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സിന്റേയും സംയുക്ത സഹകരണത്തോടെ നടക്കുന്ന വാരാഘോഷ ഉദ്ഘാടനത്തില്‍ സെമിനാറും ബോധവല്‍ക്കരണവും നടത്തും.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി ജാഫര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് മുഖ്യാതിഥി ആയിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേഷ്‌കുമാര്‍ വാരാഘോഷ സന്ദേശം നല്‍കും.