മുളന്തുരുത്തി: സംസ്ഥാനത്തെ ഒന്നു മുതൽ ഏഴ് വരെയുള്ള മുഴുവൻ വിദ്യാലയങ്ങളെയും രണ്ടുമാസത്തിനുള്ളിൽ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഒക്ടോബർ മാസത്തോടെ കേരളം വിദ്യാഭ്യാസരംഗത്തെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നവീകരിച്ച ഹൈടെക് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം വരുംതലമുറയ്ക്ക് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സർക്കാർ നടത്തുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് ആധുനിക സംവിധാനത്തിൽ പഠിക്കാൻ അവസരമൊരുക്കുന്നതാണ് പൊതുവിദ്യാഭ്യാസ സംവിധാനം.

വിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പൊതുവൽക്കരണമാണോ സ്വകാര്യ വത്കരണമാണോ അഭികാമ്യം എന്നത് ഉറക്കെ ചിന്തിക്കേണ്ട വിഷയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഹയർസെക്കൻഡറി സംവിധാനത്തെ നിലനിർത്തണമെങ്കിൽ ഒന്നു മുതൽ 12 വരെ സർക്കാർ നേരിട്ട് നടപ്പിലാക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം തുടരേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അറിവിന്റെ പ്രകാശ ഗോപുരങ്ങളായി ജനത മാറുമ്പോഴാണ് നാട് വികസിച്ചു എന്ന് പറയാൻ കഴിയുന്നത്. പാഠ്യപദ്ധതി ശാസ്ത്രീയമായി ഉണ്ടാക്കിയെടുക്കേണ്ടതോ തിരുത്തപ്പെടേണ്ടതോ ആയ ഒന്നാണെന്ന് പറഞ്ഞ മന്ത്രി കേരളത്തിലെ ഇന്നത്തെ പാഠ്യപദ്ധതി ആധുനികത കലർന്ന പാഠ്യപദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ കൂട്ടിച്ചേർത്ത ബോധനരീതി കുട്ടികളുടെ എല്ലാവിധത്തിലുള്ള സർഗശേഷിയും വളർത്തുവാൻ ലക്ഷ്യമിട്ടുള്ളതാണ്. കുട്ടികളുടെ സമഗ്ര വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹൈടെക് ക്ലാസ് മുറികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ലോക സംസ്കൃതിയും അറിവും നിറയുന്ന ക്ലാസ് മുറികൾ ഒരുക്കുക എന്നുള്ളതാണ്. ഡ്രഗ്സ് ഫ്രീ ക്യാമ്പസ് പദ്ധതി വിദ്യാഭ്യാസവകുപ്പ് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കും. കുട്ടികളുടെ മനസ്സിൽ സർഗാത്മക അന്വേഷണം വളർത്തുന്ന പാഠ്യപദ്ധതികളിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.