ജില്ല അഭിമുഖീകരിക്കുന്ന മറ്റൊരു പ്രളയത്തെയും അതിജീവിക്കാന്‍ സുസജ്ജമായി ആരോഗ്യവകുപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയപ്പോള്‍ മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുകയുടെയും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷിന്റെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കര്‍മനിരതരായി.

ജില്ലാതല എമര്‍ജന്‍സി സെല്ലില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പ്രവര്‍ത്തനം. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കിവരികയാണ്. ക്യാമ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് അന്തേവാസികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നത്.

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, ആഹാരത്തിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, ആഹാരസാധനങ്ങള്‍ ഈച്ച കടക്കാതെ അടച്ചുവയ്ക്കുക, ശൗച്യാലയത്തില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക തുടങ്ങിയവയാണ് പ്രധാനം.

അടിയന്തര സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിപിഎം ഡോ. അഭിലാഷിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം അഞ്ചുകുന്ന് എന്‍എം യുപി സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ സഹായമെത്തിച്ചു. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ ഇവിടെ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മരുന്നുകളും മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ സംഘം ഓരോ ക്യാമ്പുകളും സന്ദര്‍ശിച്ച് ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. ക്യാമ്പില്‍ താമസിക്കുന്നവരില്‍ രോഗികളായവര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്. എലിപനി പ്രതിരോധ മരുന്നുകള്‍, ഒആര്‍എസ് വിതരണം,  ക്ലോറിനേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും അരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

(ചിത്രം)
വെള്ളമുണ്ട സെന്റ് ആന്‍സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.