ഇടുക്കി: ജില്ലയിലെ അസഖ്യം ചെറുതും വലുതുമായ അനധികൃത ചെക്ക്ഡാമുകള്‍ ഉയര്‍ത്തുന്ന ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവയുടെ നിര്‍മാണം നിയന്ത്രണവിധേയമാക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന് അറിയിച്ചു. നിലവില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ തടയണകളില്‍ ജലം കെട്ടി നിര്ത്തിയിട്ടുണ്ടേല് ചെറിയ തോതില്‍ തുറന്നു വിടാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
തടയണകള്‍ കൃഷിക്കും ജലസേചനത്തിനും അത്യാവശ്യമാണ്. അതിനാല്‍ തന്നെ പൂര്‍ണമായും ഇവയുടെ നിര്‍മാണം ഒഴിവാക്കാനാവില്ല. സുരക്ഷിത സ്ഥാനങ്ങളിലെ നിര്‍മാണത്തിന് അനുമതി നല്‍കാവുന്നതാണ്. ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റില്‍ അപകടാവസ്ഥയിലുള്ള തടയണ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്
അനധികൃത തടയണ സംബന്ധിച്ച് കളക്ടര്‍ സംസാരിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന തടയണകള്‍ ശാസ്ത്രീയമായാണോ നിര്‍മ്മിച്ചിട്ടുള്ളതെന്നും, ഇവയുടെ അപകട സാദ്ധ്യത സംബന്ധിച്ചും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതിന് ആവശ്യമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തണലമെന്നും വകുപ്പുകളോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ദേവികുളം സബ് കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്, എഡിഎം ആന്റണി സ്കറിയ, ആര്‍ഡിഒ അതുല്‍ എസ് നാഥ്്, തുടങ്ങിയവര്‍ പങ്കെടുത്തു.