മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാടിനൊരു കൈത്താങ്ങ്’ ഏകദിന സമാഹരണം വന്‍ വിജയം.  പായ ്, പുതപ്പ്, ബെഡ്ഷീറ്റ്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍, സാനിട്ടറി നാപ്കിന്‍സ്,  കുട്ടികള്‍ക്ക് ഡയപ്പര്‍, സ്വെറ്റര്‍, തൊപ്പി തുടങ്ങിയവ , ബക്കറ്റ്, കപ്പ്, കുടിവെള്ളം, അരി, പലചരക്ക് സാധനങ്ങള്‍,ഡിറ്റര്‍ജന്റ്, പേസ്റ്റ്, സോപ്പ് തുടങ്ങി ഏഴു  ലക്ഷത്തോളം രൂപയുടെ സാമഗ്രികളാണ് ഇന്നലെ കട്ടപ്പന ടൗണ്‍ ഹാളിലെത്തിയത്.

വിവിധ സാംസ്‌കാരിക സംഘടനകള്‍ ഗ്രൂപ്പായും വ്യക്തികള്‍ സ്വന്തം നിലയിലും സാധനങ്ങള്‍ ഇവിടെ എത്തിച്ചു. വയനാടിനൊരു കൈത്താങ്ങ് എന്ന ഈ കാമ്പയിന്‍ പ്രതീക്ഷിച്ചതിന്റെ രണ്ടിരട്ടി വിജയമാണ് കൈവരിച്ചതെന്നും ദുരിതബാധിതരെ സഹായിക്കാനുള്ള മനസ് ജനങ്ങള്‍ കൈവിട്ടിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.

ഭക്ഷണ സാമഗ്രികള്‍ ശേഖരിക്കേണ്ടതില്ല എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും ക്യാമ്പില്‍ ആളുകളെത്തിച്ച എല്ലാ സാമഗ്രികളും സ്വീകരിക്കുകയായിരുന്നു. അരി മാത്രം 2000 കിലോയിലധികം ലഭിച്ചു. രണ്ടു ലക്ഷത്തില്‍പരം രൂപ പണമായി ലഭിച്ചു.കര്‍ഷകന്‍ മുതല്‍ പ്രവാസി മലയാളി വരെ പണം നല്കിയതായും ഇത്തരത്തില്‍ ലഭിച്ച മുഴുവന്‍ പണത്തിനും ആവശ്യമായ സാധന സാമഗ്രികള്‍ വാങ്ങി ഇതിന്റെ ഒപ്പം നല്കും.

സഹായ മനസ്‌കരായ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും  ഏകോപിപ്പിച്ചാണ് കട്ടപ്പന നഗരസഭ വയനാടിനായി ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചത്. രാവിലെ 10 മുതല്‍ 3 വരെയാണ്  കളക്ഷന്‍ ഉദ്ദേശിച്ചതെങ്കിലും സാധനങ്ങളുമായി തുടര്‍ന്നും ആളുകളെത്തിയതിനാല്‍ കളക്ഷന്‍ വീണ്ടും നീണ്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയ്ക്കു പുറത്തു നിന്നും സഹായങ്ങളെത്തി.

സാധനങ്ങളുടെ ലിസ്റ്റ്  കംപ്യൂട്ടറില്‍ എന്റോള്‍ ചെയ്താണ് ശേഖരിച്ചത്. ലഭിച്ച സാധനങ്ങള്‍ തരം തിരിച്ച് പായ്ക്ക് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി സന്നദ്ധ പ്രവര്‍ത്തകരും എത്തിയിരുന്നു. വിവിധ സാംസ്‌കാരിക സാമൂഹിക, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ, വ്യാപാരികള്‍,   പൊതുജനങ്ങള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ തങ്ങളാല്‍ കഴിയുന്ന സഹായം വയനാടിനായി നല്കാന്‍ കട്ടപ്പന ടൗണ്‍ ഹാളിലെത്തിച്ചു.