പാലക്കാട്: ഈ വര്‍ഷത്തെ (2019) മഴക്കെടുതിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ 10000 രൂപയ്ക്ക് അര്‍ഹരായവരുടെ പട്ടിക ജില്ലാ കലക്ടറുടെ ചേംബറില്‍ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഔദ്യോഗികമായി പരസ്യപ്പെടുത്തി.
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ 3594 കുടുംബങ്ങളെ സംബന്ധിച്ചാണ് പട്ടികയിലുള്ളത്. പാലക്കാട് താലൂക്കില്‍ 734, ചിറ്റൂരില്‍ 34, ആലത്തൂര്‍ 688, ഒറ്റപ്പാലം 630, മണ്ണാര്‍ക്കാട് 725, പട്ടാമ്പിയില്‍ 783 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങളുടെ എണ്ണം.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍, 15 ശതമാനം മുതല്‍ 100 ശതമാനം വരെ തകര്‍ച്ച് നേരിട്ട വീടുകളിലുള്ളവര്‍, അപകടം മുന്നില്‍കണ്ട് ബന്ധുവീട്ടിലോ സുഹൃത്തുക്കളുടെയോ വീടുകളിലേക്ക് മാറി താമസിച്ചവര്‍ ഉള്‍പ്പെട്ട കുടുംബങ്ങളാണ് ധനസഹായത്തിന് അര്‍ഹര്‍.
കൂടാതെ ഒറ്റയ്ക്കും കുടുംബമായും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. കൂടുതല്‍ കുടുംബങ്ങളെ അന്വേഷണത്തിന് വിധേയമായി പട്ടികയില്‍ ഉള്‍പ്പെടുത്തും.
ജില്ലാ കലക്ടറുടെ ഔദ്യോഗിക വെബ്സൈറ്റിലും പഞ്ചായത്ത്, താലൂക്ക്, വില്ലേജ് ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ ഏഴിനകം 10,000 രൂപ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.