പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഫലപ്രദമായ കരുതല്‍ നടപടികള്‍ നമ്മുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി-റാന്നി-പ്ലാച്ചേരി റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. അപകടമുണ്ടായ സ്ഥലങ്ങളിലും അപകട സാധ്യത മേഖലകളിലും വിദഗ്ധ സംഘത്തെ കൊണ്ട് പഠനം നടത്തിക്കും.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വലിയ സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നത്. നാടാകെ നല്ലരീതിയില്‍ സഹകരിക്കുകയാണ്. പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികള്‍ വിലമതിക്കാനാകാത്ത സംഭാവനയാണ് നല്‍കിയത്. കഴിഞ്ഞ ഓണത്തിന് ശേഷം ഈ ഓണത്തിന് പുത്തന്‍ ഉടുപ്പ് വാങ്ങാന്‍ കൂട്ടിവച്ചിരുന്ന പണമാണ് തിരുവനന്തപുരത്ത് അവര്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇതുപോലെ പല ആവശ്യങ്ങള്‍ക്കും  കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ കരുതിവച്ച തുകയാണ് ഓരോ ദിവസവം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഇത്തരം സഹായങ്ങളാണ് ദുരിതങ്ങള്‍ നേരിടാനും അതിജീവിക്കാനും നമുക്ക് കരുത്തേകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.