മൂവാറ്റുപുഴ: പ്രളയത്തില്‍ തകര്‍ന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കായനാട് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിന്റെ പുനര്‍ നിര്‍മ്മാണത്തിന് 1.10-കോടി രൂപ(ഒരു കോടി പത്ത് ലക്ഷം രൂപ) അനുവദിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആന്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷനാണ് സ്‌കൂള്‍ നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചത്. ഒരു വര്‍ഷം മുന്‍പുണ്ടായ പ്രളയത്തില്‍ സ്‌കൂള്‍ പൂര്‍ണ്ണമായും മുങ്ങിയതിനെ തുടർന്ന് സുരക്ഷിതമല്ലെന്നു അധികൃതര്‍ വിധിയെഴുതിയതോടെ അടച്ച് പൂട്ടുകയായിരുന്നു. തുടര്‍ന്ന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും, പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്റെയും ഇടപെടലിനെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനം കായനാട് സെന്റ് ജോര്‍ജ് പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിലേയ്ക്ക് മാറ്റി. സണ്‍ഡേ സ്‌കൂള്‍ ക്ലാസുകള്‍ നടക്കുന്നതിനാല്‍ എല്‍പി സ്‌കൂളില്‍ ശനിയാഴ്ച ക്ലാസുകള്‍ അവസാനിക്കുമ്പോള്‍ പുസ്തകങ്ങളും ഫയലുകളും മറ്റ് പഠനോപകരണങ്ങളുമൊക്കെ കെട്ടിടത്തിലെ ഒരു സുരക്ഷിത മുറിയിലേക്ക് മാറ്റിയ ശേഷം തിങ്കളാഴ്ചകളിൽ ഇവ വീണ്ടും സ്‌കൂളിലെ ക്ലാസ് മുറികളിലേക്കു തിരികെ എത്തിച്ചാണ് പ്രവർത്തിച്ചിരുന്നത്. സ്‌കൂള്‍ എന്ന നിലയില്‍ നേരിടുന്ന പരിമിതികളും ദുരിതങ്ങളും വിവരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ നേരത്തെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. എം.എല്‍.എയുടെ ഇടപെടലുകളെ തുടർന്നാണ് കായനാട് സര്‍ക്കാര്‍ സ്‌കൂളിന് പുനര്‍ജന്മം നല്‍കാനായത്. കായനാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിൽ 30 വിദ്യാര്‍ഥികളും 5 അധ്യാപകരുമാണുള്ളത്. പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനയോഗ്യമല്ലാതായ ജില്ലയിലെ ഏക സ്‌കൂളാണിത്. റോഡിനോടു ചേര്‍ന്നുള്ള മനോഹരമായ സ്ഥലത്തുള്ള സ്‌കൂള്‍ കെട്ടിടം ഇപ്പോള്‍ കാടുകയറി നശിച്ച നിലയിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഓണ പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതോടെ സ്‌കൂളില്‍ വിപുലമായ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ പറഞ്ഞു.
