ആരോഗ്യരംഗത്ത് പത്തനംതിട്ട ജില്ലയുടെ വികസന സ്വപ്നം സംസ്ഥാന സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ റീജണല്‍ പബ്ലിക്ക്് ഹെല്‍ത്ത് ലാബിന്റെയും, രണ്ടാം ഘട്ട ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്ക് ഒപ്പമാണ്. ജനങ്ങള്‍ക്ക് കാലോചിതമായി ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കി വരുകയാണ്. നാടിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ മികവുറ്റതാക്കിയുള്ള മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ആശുപത്രികളെ മികവുറ്റതാക്കുന്നതിന് നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമായാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബും രണ്ടാംഘട്ട ഡയാലിസിസ് യൂണിറ്റും ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം പി മുഖ്യ അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. എസ് പ്രതിഭ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ജി അനിത, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. സി എസ് നന്ദിനി, പി എന്‍ പത്മകുമാരി, ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ കെ ജീവന്‍, ഇലന്തൂര്‍   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഡി എല്‍.റ്റി ഇന്‍ ചാര്‍ജ്ജ് ജയാ തോമസ്, സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ജോണ്‍ ഫിലിപ്പോസ്, വത്സമ്മ മാത്യു, കെ കെ റോയ്‌സണ്‍, എം എ ജോസഫ്, വാളകം ജോണ്‍, ലത ചെറിയാന്‍, റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റെന്‍സി കോശി തുടങ്ങിയവര്‍ പങ്കെടുത്തു.

റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ രോഗ നിര്‍ണയത്തിന് അത്യാധുനിക സംവിധാനം
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ രോഗ നിര്‍ണയത്തിന് ഏറ്റവും മികച്ച സംവിധാനം. പത്തനംതിട്ട ജില്ലയുടെ ചിരകാല അഭിലാഷമായ റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് ഇരുനില കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലെ  സാധാരണ ജനങ്ങള്‍ക്ക് വളരെ തുഛമായ നിരക്കില്‍ ലാബ് പരിശോധനകള്‍ മികവുറ്റതും കൃത്യവുമായി ലഭിക്കാനും ചികിത്സ വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കും.

ലാബില്‍ ഹെമറ്റോളജി, ക്ലിനിക്കല്‍ പതോളജി, ബയോകെമസ്ട്രി, സിറോളജി  മുതലായ വിഭാഗങ്ങളിലെ സേവനങ്ങളും തൈറോയ്ഡ് രക്തപരിശോധനയും  ലഭ്യമാണ്. ആരോഗ്യകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനെട്ട്  വയസു വരെയുളള കുട്ടികള്‍ക്ക് എല്ലാവിധ ടെസ്റ്റുകളും ഇവിടെ സൗജന്യമായി ലഭിക്കും. രക്തപരിശോധനകള്‍ കൂടാതെ പെരിഫറല്‍ സ്മിയര്‍, ലിപിഡ് പ്രൊഫൈല്‍ എല്‍ എഫ് ടി, ആര്‍ എഫ് ടി, സോഡിയം, പൊട്ടാത്സ്യം, കാല്‍സ്യം, ഡെങ്കിപ്പനി,   എലിപ്പനി, ഹെപ്പറ്റെറ്റിസ്, ടൈഫോയിഡ്, ചിക്കന്‍ ഗുനിയ, സി ആര്‍ പി തുടങ്ങിയ പരിശോധനയും ഇവിടെ ലഭ്യമാണ്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഡയാലിസിസ് യൂണിറ്റില്‍ ഉന്നതനിലവാരത്തിലുളള പുതിയ അഞ്ചു മെഷീനുകള്‍ കൂടി ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ മുതല്‍ മുടക്കി കിഫ്ബി ഫണ്ട്  ഉപയോഗിച്ച് വികസിപ്പിച്ച  ഡയാലിസിസ് യൂണിറ്റില്‍ മൂന്ന് ഷിഫ്റ്റുകളിലായി  ദിവസം 36 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. വികസനകുതിപ്പിലേയ്ക്ക് നീങ്ങുന്ന ജില്ലയിലെ മികച്ച സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ കോഴഞ്ചേരി ജില്ലാ ആശുപത്രി ആതുരസേവന രംഗത്ത്  മികവിന്റെ കേന്ദ്രമായി മാറുകയാണ്.