ആധുനിക സംവിധാനങ്ങളുള്ള പുതിയ താലൂക്ക് ഹോമിയോ ആശുപത്രി ജില്ലയ്ക്ക് അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സീതാലയം പുതിയ ബ്ലോക്കിന്റെയും ജനനി വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെയും ഉദ്ഘാടനം പന്തളത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ മുഴുവന്‍ ആശുപത്രികളെയും രോഗി സൗഹൃദമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രളയാനന്തര പകര്‍ച്ചവ്യാധികളെ ആരോഗ്യ വകുപ്പ് വലിയ കൂട്ടായ്മയോടെ നേരിട്ടതുകൊണ്ടാണ് നമുക്ക് അതിജീവിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
പന്തളം നഗരസഭ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി കെ സതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യ പ്രഭാഷണം നടത്തി. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജുകുമാര്‍, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ.ജയനാരായണന്‍, ഡോ.സുഭാഷ്, ഹോംകോ എം.ഡി. ഡോ.പി ജോയ്, ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ കെ.ജി. അനിത, പന്തളം നഗരസഭ വൈസ് ചെയര്മാന് ആര്. ജയന്, നഗരസഭ അംഗങ്ങളായ രാധാ രാമചന്ദ്രന്, ആനി ജോണ്‍ തുണ്ടിയില്‍, എ. രാമന്, ലസിത ടീച്ചര്‍, ഡി. രവീന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുണ്ടക്കല്‍ ശ്രീകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ത്രീകളുടെ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ, കൗണ്‍സിലിംഗ്, നിയമ സഹായം തുടങ്ങി എല്ലാവിധ പിന്തുണയും ഉറപ്പാക്കുന്ന ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ജെന്‍ഡര്‍ ബേസ്ഡ് പ്രോജക്ട് ആണ് സീതാലയം. കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജനനി വന്ധ്യതാ നിവാരണ ക്ലിനിക്ക് ഏറെ ഫലപ്രദമായതോടെ എല്ലാ ജില്ലകളിലേക്കും ഈ ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയില്‍ ജനനി ക്ലിനിക്ക് പന്തളം മാതൃകാ ഡിസ്പെന്‍സറിയുടെ പുതിയ ബ്ലോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. സീതാലയം, ജനനി ക്ലിനിക്കുകള്‍ എസി ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഈ ക്ലിനിക്കുകളില്‍ നിന്നും ലഭ്യമാകും. ചികിത്സയ്ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
