സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ‘ഹൃദ്യം’ പദ്ധതിപ്രകാരം ഇതുവരെ 1500 കുഞ്ഞുങ്ങള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നല്‍കി രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശിശുമരണ നിരക്ക് 12 -ല്‍ നിന്ന് രണ്ടുവര്‍ഷത്തിനിടെ ആയിരം ജനനത്തിന് 10 എന്ന നിലയില്‍ കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തി തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ദ്രം മിഷന്റെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആരോഗ്യരംഗത്ത് മികച്ച ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.  ആഭ്യന്തര വരുമാനത്തിന്റെ ഒരു ശതമാനമാനം മാത്രമാണ് ആരോഗ്യമേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഈ കുറഞ്ഞ തുകയിലും ആരോഗ്യരംഗത്ത് കേരളം മികച്ച നേട്ടമാണ് ഇതുവരെ കൈവരിച്ചത്. ശിശുമരണ നിരക്ക് 2016-ല്‍ ആയിരത്തിന് 12 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 10 ആയി ചുരുങ്ങി. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമെങ്കില്‍ ‘ഹൃദയ’ പദ്ധതി പ്രകാരം സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്നുണ്ട്. ഇതുവരെ 1500 കുഞ്ഞുങ്ങളെ അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കാന്‍ കഴിഞ്ഞു.  ചിലത് മാത്രമാണ് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പുറത്തുവരുന്നത്. ഡോ.ശ്രീഹരിക്കാണ് ഹൃദ്യം പദ്ധതിയുടെ ചുമതല. ഓരോ ജില്ലകളിലും  എന്‍എച്ച്എം കോ- ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെട്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് ഹൃദ്യം പദ്ധതി പ്രകാരമുള്ള ചികിത്സയെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും അറിയാന്‍ കഴിയും. കുഞ്ഞിന് രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ തൊട്ടടുത്ത് മികച്ച സൗകര്യമുളള ആശുപത്രികളില്‍ അടിയന്തര ശസ്ത്രിക്രിയ നടത്തും.
ശിശുമരണ നിരക്ക് പോലെ തന്നെ മാതൃമരണ നിരക്കും കേരളത്തില്‍ കുറവാണ്. 2016-ല്‍ ഒരു ലക്ഷത്തില്‍ 67 അമ്മമാരാണ് പ്രസവ സമയത്ത് കേരത്തില്‍ മരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 46 ആയി കുറയ്ക്കുവാന്‍ നമുക്ക് കഴിഞ്ഞു. ദേശീയ തലത്തില്‍ ആ സമയത്ത് 167 ആയിരുന്നു മരണനിരക്കെന്നും മന്ത്രി പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രധാനമായും രോഗലക്ഷണങ്ങളുമായെത്തുന്നവരെ ആവശ്യമായ പരിശോധനയും മരുന്നും നല്‍കും. ആവശ്യമായ രക്ത പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവയും നടത്തും. ഇവിടെ കിടത്തി ചികിത്സയുടെ ആവശ്യമില്ല. ഇവിടത്തെ ചികിത്സയിലൂടെ രോഗം മാറിയില്ലെങ്കില്‍ മറ്റ് പ്രധാന ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. ശ്വാസ് ക്ലിനിക്ക് തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കും. ശ്വാസകോശ സംബന്ധമായ പരിശോധനകള്‍ ഇവിടെ നടത്താന്‍ കഴിയും. വിഷാരോഗങ്ങള്‍ക്ക് ഇവിടെ കൗണ്‍സിലിംഗ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടപ്പിലാക്കി വരുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായിട്ടാണ് തണ്ണിത്തോട് പ്രഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബോറട്ടറി ഉള്‍പ്പടെ നിരവധി ആരോഗ്യ സേവനങ്ങള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് മണി വരെ മലയോര നാട്ടിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ മാത്യു തെനയംപ്ലാക്കല്‍,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ആര്‍ രാമചന്ദ്രന്‍പിളള, പ്രിയ എസ് തമ്പി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടിജോ തോമസ്,
ഗ്രാമപഞ്ചായത്തംഗങ്ങളായ എം എസ് ഇന്ദിര, പി.കെ ഗോപി,  ഷീജാ സുരേഷ്, സുമതി നരേന്ദ്രന്‍, കെ.വി സുഭാഷ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി എസ് ബിന്ദു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി ഉദയഭാനു, ഹരിദാസ്, പ്രവീണ്‍ പ്രസാദ്, പി സി ശ്രീകുമാര്‍, അജന്‍പിളള ആനിക്കാട്, സജി കളയ്ക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ജി അനിത, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ സി എസ് നന്ദിനി, ആര്‍ദ്രം മിഷന്‍ ജില്ലാ- കോര്‍ഡിനേറ്റര്‍ സി ജി ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തംഗം എം കെ മാത്യു സ്വാഗതവും  തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.അരുണ്‍ പ്രതാപ് നന്ദിയും പറഞ്ഞു.
2017-18 ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 ലക്ഷം രുപ ഉപയോഗിച്ച് ലാബ് സൗകര്യം, രോഗികള്‍ക്കായുള്ള കാത്തിരിപ്പ് കേന്ദ്രം, ഫാര്‍മസി നവീകരണം എന്നിവ തണ്ണിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടപ്പാക്കി. കൂടാതെ ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നീ അധിക തസ്തികകള്‍ സൃഷ്ടിച്ചു . പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പഴയ കെട്ടിടം നവീകരിച്ചു പബ്ലിക്ക് ഹെല്‍ത്തിനുവേണ്ടി നല്‍കി. 2016 ല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു.

തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്
ആംബുലന്‍സ് അനുവദിക്കും:എംപി

തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് എംപി ഫണ്ടില്‍ നിന്നും ആംബുലന്‍സ് അനുവദിക്കുമെന്ന് ആന്റോ ആന്റണി എംപി. പറഞ്ഞു.  തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് എംപി ഇക്കാര്യം അറിയിച്ചത്.