ഒന്നാംഘട്ടത്തില്‍ നല്‍കുന്നത് 776 കിറ്റ് 

 പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ‘എയ്ഡസ് രോഗ ബാധിതര്‍ക്ക് പോഷകാഹാരവിതരണം’ പദ്ധതിപ്രകാരം ജില്ലയിലെ എയ്ഡ്സ് ബാധിതര്‍ക്കുള്ള  പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു.

12.5 ലക്ഷം ചെലവില്‍ ആദ്യഘട്ടത്തില്‍ 776 പേര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഒന്നു മുതല്‍ അഞ്ചു വയസ്സുവരെയുള്ള മൂന്നുപേര്‍, ആറു മുതല്‍ 15 വയസുവരെ പ്രായമുള്ള 21 പേര്‍, 16 മുതല്‍ 60 വരെ പ്രായമുള്ള 752 പേര്‍ എന്നിവര്‍ക്കാണ് ധാന്യങ്ങള്‍ ഉള്‍പ്പെടുന്ന പോഷക കിറ്റ് നല്‍കുന്നത്.

വിഹാന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് താലൂക്കടിസ്ഥാനത്തിലാണ് രണ്ടുദിവസങ്ങളിലായി കിറ്റ് വിതരണം ചെയ്യുന്നത്. പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലെ രോഗികള്‍ക്ക് സെപ്റ്റംബര്‍ രണ്ടിനും ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ രോഗികള്‍ക്ക് സെപ്റ്റംബര്‍ മൂന്നിനുമായാണ് കിറ്റുകള്‍ വിതരണം ചെയ്ത് വരുന്നത്.

ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ചന്ദ്രിക, നസീര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍, കെ. സുരേഷ് ജില്ലാ പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.