പത്തനംതിട്ട: കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ ജില്ലയില്‍ പൂര്‍ണമായും തകര്‍ന്ന 615 വീടുകളില്‍ 341 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്ന് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പത്തനംതിട്ട മെട്രോ റോട്ടറി ക്ലബ്ബ് ആറന്മുള എഴീക്കാട് കോളനിയില്‍ നിര്‍മിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ 95 വീടുകളുടെ നിര്‍മാണം റൂഫ് ലെവലിലും 100 എണ്ണം ലിന്റല്‍ ലെവലിലും 73 എണ്ണം ബേസ്മെന്റ് ഘട്ടത്തിലും നടന്നുവരുകയാണ്. കൈമാറ്റം ചെയ്ത വീടുകളില്‍ 114 എണ്ണം കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ചതും, 199 എണ്ണം സ്വന്തം നിര്‍മാണത്തിലും 28 എണ്ണം സ്പോണ്സര്ഷിപ്പില് പൂര്‍ത്തിയായവയുമാണ്.
ഓണാഘോഷം ഇത്തവണ ആര്‍ഭാടമില്ലാതെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം മഹാപ്രളയം സംഭവിച്ചതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഓണം ആഘോഷിച്ചിരുന്നില്ല. ഇത്തവണ ആര്‍ഭാട രഹിതമായുള്ള ഓണാഘോഷമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓണത്തിന് മുന്‍പായി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം ചെയ്യുക എന്നത് മന്ത്രിസഭാ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
550 സ്ക്വയര്‍ ഫീറ്റില്‍ 9,90,000 രൂപ ചെലവിലാണ് രണ്ട് ഭവനങ്ങളുടേയും നിര്‍മാണം. സന്ധ്യാ സുരേന്ദ്രന് താക്കോല്‍ നല്കി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. മല്ലശേരില്‍ തങ്കമണിക്ക് വീണാ ജോര്‍ജ് എംഎല്‍എ താക്കോല്‍ കൈമാറി. രണ്ട് മുറി, അടുക്കള, ബാത്ത് റൂം, ഹാള്‍ എന്നിവയടങ്ങുന്നതാണ് വീട്. മെട്രോ റോട്ടറി ക്ലബ്ബിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
എ ഡി എം അലക്സ് പി തോമസ്, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്, വാര്‍ഡ് മെമ്പര്‍ സൂസന്, മെട്രോ റോട്ടറി ക്ലബ്ബ് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ കുരുവിള, ഭാരവാഹിയായ ജാതവേദന്‍ നമ്പൂതിരി, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ പി.ജി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
