· വെങ്ങാനൂരിൽ ഭവനസമുച്ചയം

· കോർപ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും പൂർണ പിന്തുണ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന ഭവനപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാം ഘട്ടം വിജയകരമായി പുരോഗമിക്കുന്നു. ജില്ലയിൽ രണ്ടു ഘട്ടങ്ങളിലായി 17,987 വീടുകൾ ഇതിനോടകം പൂർത്തിയാക്കി.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ പൂർത്തീകരിക്കാത്ത ഭവനങ്ങൾ പൂർത്തീകരിക്കുക എന്നതായിരുന്നു ഒന്നാംഘട്ടത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിൽ 6039 വീടുകൾ പൂർത്തീകരിച്ചു നൽകി. ജില്ലാ കളക്ട്രേറ്റിൽ ചേർന്ന ലൈഫ് മിഷൻ ജില്ലാതല കർമ്മ സമിതി യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.

ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമാണം ലക്ഷ്യംവെച്ചുള്ള രണ്ടാം ഘട്ടത്തിൽ ജില്ലയിൽ 5,440 വീടുകൾ നിർമിച്ചു. ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു കൃത്യമായ വിവരശേഖരണം നടത്തി ഗുണഭോക്താക്കളെ കണ്ടെത്തിയ ശേഷം ഭവനം നിർമിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനോടകം 64 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രേഖാപരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

21 പട്ടികജാതി ഭൂരഹിത-ഭവന രഹിത കുടുംബങ്ങളുടെ പുനരധിവാസത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ഭവനസമുച്ചയ നിർമാണം പുരോഗമിക്കുന്നു. കൂടുതൽ ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിനായി ഓരോ ബ്ലോക്ക് പഞ്ചായത്തും കേന്ദ്രീകരിച്ച് ലഭ്യമായ പരമാവധി സർക്കാർ ഭൂമി ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മൂന്നിടങ്ങളിൽ സ്ഥലം കണ്ടെത്തിയതായി മേയർ വി.കെ പ്രശാന്ത് അറിയിച്ചു. അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും യോഗത്തിൽ അറിയിച്ചു.

ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേയർ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സംസ്ഥാന സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്ത്, ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്, ജില്ലാ കോർഡിനേറ്റർ സജീന്ദ്ര ബാബു, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ജെ.എ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, ഇംപ്ലിമെന്റിംഗ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.