അർഹരായവർക്ക് 10,000 രൂപയുടെ അടിയന്തര പ്രളയ ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാർ തഹദിൽമാർക്ക് നിർദേശം നല്കി. നാളെ (26) വൈകീട്ട് അഞ്ചുമണിക്കു മുമ്പായി ധനസഹായ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം. കൃത്യമായ വിവരങ്ങൾ ധനസഹായ വിതരണത്തിനായി തയ്യാറാക്കിയ സോഫ്റ്റ് വെയറിൽ നല്കണം.

ജില്ലയിൽ ആകെ 10,008 കുടുംബങ്ങൾക്കാണ് അടിയന്തര ധനസഹായം വിതരണം ചെയ്യേണ്ടത്. ഇതിൽ ഇതുവരെ 2439 കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡാറ്റാ എൻട്രി നടപടികൾ പൂർത്തിയായ അയ്യായിരത്തോളം കുടുംബങ്ങൾക്ക് അടുത്ത ദിവസം തന്നെ പണം ലഭ്യമാകും. സോഫ്റ്റ് വെയറിന്റെ വേഗതക്കുറവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ധനസഹായ വിതരണത്തിന് കാലതാമസമുണ്ടാക്കിയതെന്ന് തഹദിൽമാർ അറിയിച്ചു.

ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണ സമയബന്ധിതമായി പണം ലഭ്യമാക്കിയതുപോലെ ജില്ലാടിസ്ഥാനത്തിൽ സംവിധാനം ഒരുക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സോഫ്റ്റ് വെയറിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ ഐടി മിഷന്റെ ശ്രദ്ധയിൽപെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

പുത്തുമല ഉരുൾപൊട്ടലുണ്ടായ വൈത്തിരി താലൂക്കിലാണ് അടിയന്തര ധനസഹായത്തിന് അർഹരായവരിൽ കൂടുതൽ പേരും. വൈത്തിരിയിൽ ആകെ 4750 കുടുംബങ്ങളുണ്ട്. മാനന്തവാടിയിൽ 3712 കുടുംബങ്ങളും സുൽത്താൻ ബത്തേരിയിൽ 1546 കുടുംബങ്ങളുമാണ് ധനസഹായത്തിന് അർഹരായവർ.

വൈത്തിരിയിൽ ഇതുവരെ 867 കുടുംബങ്ങൾക്കും മാനന്തവാടിയിൽ 1070 കുടുംബങ്ങൾക്കും സുൽത്താൻ ബത്തേരിയിൽ 502 കുടുംബങ്ങൾക്കും ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടു നല്കി. വൈത്തിരി താലൂക്കിൽ 844, മാനന്തവാടി താലൂക്കിൽ 681, സുൽത്താൻ ബത്തേരി താലൂക്കിൽ 319 കുടുംബങ്ങളുടെ വിവരങ്ങൾ എൻട്രി ചെയ്യാനുണ്ട്.

റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, അയൽ സംസ്ഥാന തൊഴിലാളികൾ എന്നീ വിഷയങ്ങളാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഒന്നിലധികം കുടുംബങ്ങൾ ഒരു റേഷൻ കാർഡിലുൾപ്പെട്ടതും സോഫ്റ്റ് വെയർ ഡാറ്റാ എൻട്രിയിൽ പ്രശ്‌നം സൃഷ്ടിച്ചതായി തഹദിൽമാർ ശ്രദ്ധയിൽപ്പെടുത്തി.

ഈ സാഹചര്യത്തിൽ ഡാറ്റാ എൻട്രി ചെയ്യാൻ പറ്റാത്ത കേസുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചു പട്ടിക സമർപ്പിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കാൻ വൈത്തിരി താലൂക്കിന്റെ ചുമതല ഡെപ്യൂട്ടി കളക്ടർ കെ. അജീഷിനും മാനന്തവാടിയുടെ ചുമതല ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യൂസഫിനും നല്കി. യോഗത്തിൽ തഹദിൽമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.