ഇടുക്കി: ശിശു ദിന ആഘോഷങ്ങളോടനുബന്ധിച്ചുള്ള ജില്ലാതല കലോത്സവം വാഴത്തോപ്പ് എച്ച്.ആര്.സി.ഹാള്‍ കേന്ദ്രീകരിച്ചുളള ആറു വേദികളില്‍ നടന്നു. ജില്ലയിലെ സ്കൂളുകളില്‍ നിന്നും 150 തോളം മത്സരാര്‍ത്ഥികളാണ് പ്രസംഗം, സാഹിത്യം, സംഗീതം, ചിത്രരചന, മോണോആക്ട്, ദേശഭക്തി ഗാനം, സംഘഗാനം തുടങ്ങിയ പതിനൊന്നു ഇനങ്ങളിലുളള കലാമത്സരങ്ങളില്‍ പങ്കെടുത്തത്. നഴ്സറി വിഭാഗം മുതല്‍ ഹൈസ്കൂള്‍ തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കാളികളായി. മലയാളം എല്‍.പി വിഭാഗ പ്രസംഗംമത്സര വിജയിയായ കാല്‍വരി എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥി ആന്‍ മരിയ ബിജു ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയാകും. കൂടാതെ 50% ലധികം മാര്‍ക്കു ലഭിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കും.
നവംമ്പര്‍ 14 ന് ജില്ലാ കളക്ടര്‍ പതാക ഉയര്‍ത്തും. കുട്ടികള്‍ നേതൃത്വം നല്കുന്ന റാലി ചെറുതോണിയിലും തുടര്‍ന്ന് പൊതുസമ്മേളനം എച്ച്.ആര്.സി.ഹാളിലും നടക്കും. അന്നേ ദിവസം വിജയികള്‍ക്കുള്ള സമ്മാനവും നല്‍കും. മത്സരങ്ങള്‍ക്ക് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ആര്. ജനാര്ദ്ദനന് നേതൃത്വം നല്കി. കൂടാതെ കെ.ആര് രാമചന്ദ്രന്, എംകെ പശുപതി, കെ രാജു, റ്റി. എം സുബൈര്‍, സുഗുതന് കരിവാട്ട, ആര് മുരളിധരന്, തങ്കച്ചന് പാലാ, രാജു ഉപ്പുതറ തുടങ്ങിയവര്‍ പങ്കെടുത്തു.
