വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി
എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളില്‍ മാനേജര്‍മാര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷനംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ ജില്ലാതല മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പല എയ്ഡഡ് സ്‌കൂളുകളിലും നിയമനം ലഭിക്കുന്ന അധ്യാപകര്‍ക്ക് തസ്തികയുമായി ബന്ധപ്പെട്ട വ്യക്തതയില്ലാത്തത് കാരണവും നിയമനാംഗീകാരം ലഭിക്കാത്തത് കാരണവും പിന്നീട് ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുന്നു. തസ്തികകളെക്കുറിച്ച് വ്യക്തത ഇല്ലാത്തതും നിയമനം സുതാര്യമല്ലാത്തതുമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
പലരും ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷമാകുമ്പോഴോ ശമ്പളം കിട്ടാതാകുമ്പോഴോ അംഗീകാരം ലഭിക്കാതിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വിഷയങ്ങള്‍ അറിയുന്നത്. പരാതിക്കാരില്‍ മിക്കവരും നിശ്ചിത പ്രായം പിന്നിട്ടവരായതിനാല്‍ പിന്നീട് പി.എസ്.സി വഴിയും മറ്റു ജോലികളും ലഭിക്കാന്‍ പ്രയാസമുണ്ടാകുന്നു.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം (ഇന്റേണല്‍ കമ്മിറ്റി) ഫലപ്രദമായി പ്രവര്‍ത്തിക്കാത്തത്, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നേരിടുന്ന വിഷയങ്ങള്‍, കോടതി പരിഗണിക്കേണ്ട പ്രശ്‌നങ്ങള്‍ എന്നിവ കമ്മീഷന് മുന്‍പാകെ ലഭിച്ചു.
അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി. ആകെ 42 പരാതികളാണ് പരിഗണിച്ചത്. എട്ട് പരാതികള്‍ തുടര്‍ നടപടികള്‍ക്കായി പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. 23 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരെണ്ണം ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പരിഗണനയിലേക്കും കൈമാറി. അഡ്വ. സുകൃത, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
