തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നൽകുന്ന 2026ലെ സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ പ്രഖ്യാപിച്ചു.

അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ മേഖലകളിൽ നിന്നുള്ള മികച്ച വാർത്തകൾക്കും വാർത്താചിത്രങ്ങൾക്കും വീഡിയോഗ്രാഫിക്കുമാണ് പുരസ്‌കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്.

അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള (മലയാളം) പുരസ്‌കാരത്തിന് ദീപിക/ രാഷ്ട്രദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് അർഹനായി. ‘കൊഴിയരുത് പൊൻവസന്തം’ എന്ന വാർത്താപരമ്പരയിലെ ‘ബ്രിഡ്ജ്- അട്ടപ്പാടിയിലെ നിശബ്ദ വിപ്ലവം’ എന്ന വാർത്തയ്ക്കാണ് പുരസ്‌കാരം.

മികച്ച റിപ്പോർട്ടിനുള്ള പ്രത്യേക പരാമർശത്തിന് ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് വിനോദ് പായം അർഹനായി. മാറ്റം – അത് ദൃശ്യമാണ്, രോഗം – അത് മാറ്റാനുള്ളതാണ്, വീട് – ഒപ്പം പാർക്കാനുള്ളതാണ് എന്നീ വാർത്തകളാണ് പുരസ്‌കാരത്തിന് അർഹമായത്.

How Kerala eradicated Extreme Poverty’ എന്ന വാർത്തയ്ക്ക് ദ ഹിന്ദു പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് എസ്.ആർ. പ്രവീൺ ഇംഗ്ലീഷ് വിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം നേടി.

മികച്ച ഫോട്ടോഗ്രാഫറായി ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ ശരത് കൽപ്പാത്തിയെയും തെരഞ്ഞെടുത്തു. മരുതറോഡ് പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് പുരസ്‌കാരത്തിന് അർഹമായത്.

ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം (മലയാളം) മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ഇ.വി. ഉണ്ണികൃഷ്ണനും (വാർത്ത-‘കുട്ടിയമ്മയുടെ സ്വപ്നവീട്’), 24 ന്യൂസ് പൊളിറ്റിക്കൽ എഡിറ്റർ ആർ. ശ്രീജിത്തും (വാർത്ത- ‘ഡിജി കേരളം’) കരസ്ഥമാക്കി.

ഇംഗ്ലീഷ് വിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാത്തിന് ഇന്ത്യ ടുഡെ സൗത്ത് ബ്യൂറോ കറസ്‌പോണ്ടന്റും കേരള സ്റ്റേറ്റ് ഇൻ ചാർജുമായ ഷിബിമോൾ കെ.ജിയും (വാർത്ത- Kerala Creates History: Becomes India’s First State Declared Extreme Poverty-Free) സിഎൻഎൻ- ന്യൂസ് 18 കേരള സ്റ്റേറ്റ് ഇൻ ചാർജ് നീതു രഘുകുമാറും (വാർത്ത- Kerala will be declared as the first digitally literate state in the country)  അർഹരായി.

മാതൃഭൂമി ന്യൂസ്  കാസർഗോഡ് ബ്യൂറോ സീനിയർ ക്യാമറാമാൻ ഷാജു ചന്തപ്പുര അവാർഡിന് അർഹനായി. ‘കുട്ടിയമ്മയുടെ സ്വപ്നവീട്’ എന്ന വാർത്തയുടെ വീഡിയോയ്ക്കാണ് അവാർഡ്.

ഓൺലൈൻ വിഭാഗത്തിലെ മികച്ച വർത്തയ്ക്കുള്ള പുരസ്‌കാരം മാതൃഭൂമി ഓൺലൈനിയിലെ അജ്മൽ എൻ.എസിന്റെ ‘ഇനിയൊരു ജോയ് ഉണ്ടാവരുത്; തിരുവനന്തപുരത്തെ തോടുകളിൽനിന്നും മാലിന്യം നീക്കം ചെയ്യാൻ യന്ത്രച്ചൂൽ’ എന്ന വാർത്തയ്ക്ക് ലഭിച്ചു.

മലയാള മനോരയിലെ റിട്ട. സീനിയർ പിക്ചർ എഡിറ്റർ ജയചന്ദ്രൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ് കുമാർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എസ്. ജഹാൻഗീർ, എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ രാജീവ് വി.ആർ എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കിയത്.