ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതിനായി വയോജന കമ്മീഷന്‍ ജില്ലാതലയോഗം ചേര്‍ന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വയോജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സോമപ്രസാദ്, അംഗം കെ.എം.കെ നമ്പൂതിരിപ്പാട് എന്നിവര്‍ വിശദീകരണം നടത്തി.

ഇന്ത്യയില്‍ തന്നെ കേരളത്തിലാണ് ആദ്യമായി വയോജനങ്ങള്‍ക്ക് വേണ്ടി കമ്മീഷന്‍ രൂപീകരിക്കുന്നത്. ക്ഷേമം, പുനരധിവാസം, വയോജനങ്ങള്‍ക്കായുള്ള ഭരണഘടന അവകാശ സംരക്ഷണം, കൂടാതെ വയോജനങ്ങളുടെ സേവനങ്ങള്‍ എങ്ങനെ സമൂഹത്തിന് പ്രയോജനപ്പെടുത്താം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സോമപ്രസാദ് പറഞ്ഞു. വയോജന ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടന ഭാരവാഹികളും സ്ഥാപന മേധാവികളും വിദഗ്ധരും യോഗത്തില്‍ സംബന്ധിച്ചു. കമ്മീഷന്‍ പ്രവര്‍ത്തനം വിപുലീകരിക്കേണ്ട രീതികളും വിശദീകരിച്ചു.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, സാമ്പത്തിക സഹായത്തോടെ കമ്മ്യൂണിറ്റി സെന്ററുകള്‍, ഹോംകയറുകള്‍ എന്നിവ നിര്‍മിക്കുക, നിലവിലെ നിയമപരിധിയില്‍ പെടാതെ പ്രവര്‍ത്തിക്കുന്ന അതിഥി മന്ദിരങ്ങളും കെയര്‍ ഹോമുകളും നിയമ പരിധിയിലാക്കുക, കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് പുറമേ എല്ലാ വയോജനങ്ങളെയും ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ കൊണ്ടുവരിക, പെന്‍ഷനായവരുടെ റേഷന്‍കാര്‍ഡുകള്‍ മാനദണ്ഡമനുസരിച്ച് മുന്‍ഗണനയിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുക, വയോജനങ്ങള്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്കുള്ള നിയമക്കുരുക്കുകള്‍ തീര്‍പ്പാക്കുക, സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മേളകളില്‍ വയോജനങ്ങള്‍ക്ക് സീറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഒരുക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ ജെറിയാട്രിക്സ് കൗണ്ടറുകള്‍ ഒരുക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് വന്നത്. യോഗത്തില്‍ ജില്ലാ വയോജന കമ്മിറ്റിയെ പ്രതിനിധീകരിച്ച് അഡ്വ. കെ.വി. ശിവരാമന്‍, സി. വിജയലക്ഷ്മി, പി. ശിവശങ്കരന്‍ എന്നിവരും മറ്റ് വയോജന ക്ഷേമ സംഘടന ഭാരവാഹികളും സംബന്ധിച്ചു. വയോജന കമ്മീഷന്‍ സെക്രട്ടറി അബ്ദുല്‍ മജീദ് നന്ദി പറഞ്ഞു.