സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. ഈ ജില്ലകളിൽ നിലവിൽ വനിതാ പോലീസ് സ്റ്റേഷൻ ഇല്ല.

ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകൾ ഉണ്ടായിരിക്കും. ഇതിൽ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനർവിന്യാസം വഴി കണ്ടെത്തിയതുമാണ്. ഒരു സർക്കിൾ ഇൻസ്‌പെക്ടർ, ഒരു സബ്ബ് ഇൻസ്‌പെക്ടർ, അഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, പത്ത് സിവിൽ പോലീസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിങ്ങനെയാണ് തസ്തികകൾ ഉണ്ടാവുക.

ജില്ലകളിലെ വനിത സെൽ, റിസർവ്, ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നാണ് തസ്തികകൾ പുനർവിന്യസിക്കുന്നത്. വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തി സജ്ജമാക്കാൻ അതത് ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. നിലിവിൽ സംസ്ഥാനത്ത് പത്ത് വനിതാ പോലീസ് സ്റ്റേഷനുകളാണ് ഉളളത്.