രജിസ്‌ട്രേഷന്‍ നവംബര്‍ 08ന`  ആരംഭിക്കും

** സംസ്ഥാനതല മത്സരം ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട്
** 42 ഇനങ്ങളില്‍ മത്സരങ്ങള്‍

രാജ്യാന്തര തലത്തില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മത്സരങ്ങളുടെ ഭാഗമായുള്ള ഇന്ത്യ സ്‌കില്‍സ് കേരള 2020 മത്സരങ്ങള്‍ക്ക് ഡിസംബറില്‍ തുടക്കമാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. ഐ.ടി. മേഖലയുടെ സാധ്യതകള്‍ കൂടി

42 ഇനങ്ങളില്‍ ഇത്തവണ മത്സരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യ സ്‌കില്‍സ് കേരള 2020 മത്സരങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 2020 സീസണിലേക്കുള്ള ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെയും,  മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 2020 ജനുവരി 10 മുതല്‍ 15 വരെയും നടക്കും. 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്‌നനഗരിയിലാണ് സംസ്ഥാനതല മത്സരങ്ങള്‍.

വേള്‍ഡ് സ്‌കില്‍ മത്സരങ്ങളുടെ ഭാഗമായി മൂന്നാം തവണയാണ് ഇന്ത്യ സ്‌കില്‍സ് കേരള അരങ്ങേറുന്നത്. തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും (കെയ്സ്) വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇന്ത്യ സ്‌കില്‍സ് കേരള സംഘടിപ്പിച്ചുവരുന്നത്.

ഇന്ത്യ സ്‌കില്‍സ് കേരള 2018ല്‍ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. ഈ വര്‍ഷം ഐ.ടി മേഖലയിലെ സാധ്യതകള്‍ കൂടി പരിഗണിച്ച് 42 സ്‌കില്ലിങ് ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും. ചൈനയിലെ ഷാങ്ഹായ് ആണ് 2021 വേള്‍ഡ് സ്‌കില്‍ മത്സരവേദി. ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും സമ്മാനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു

ഇന്ത്യ സ്‌കില്‍ കേരള 2020ലെ മത്സര ഇനങ്ങള്‍:

ഓട്ടോബോഡി റിപ്പയര്‍, ഓട്ടോമൊബൈല്‍ ടെക്‌നോളജി, ബേക്കറി, ബ്യുട്ടിതെറാപ്പി, ബ്രിക് ലേയിംഗ്, കേബിനറ്റ് നിര്‍മ്മാണം, സിഎന്‍സി ടേണിംഗ്, സിഎന്‍സി മില്ലിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, ഇലക്‌ട്രോണിക്‌സ്, ഫാഷന്‍ ടെക്‌നോളജി, ഫ്‌ളോറിസ്ട്രി, ഹെയര്‍ ഡ്രെസിംഗ്, ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍, ഹോട്ടല്‍ റിസ്പ്ഷനിസ്റ്റ്, ജ്വല്ലറി, ജോയിനറി, ലാന്‍ഡ്‌സ്‌കേപ് ഗാര്‍ഡനിംഗ്, പെയിന്റിങ് ആന്റ് ഡെക്കറേറ്റിങ്, പ്ലാസ്റ്റിക്ക് ഡൈ എഞ്ചിനിയറിംഗ്, പ്ലംബിങ് ആന്റ് ഹീറ്റിങ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടിഷനിംഗ്, റെസ്‌റ്റോറന്റ് സര്‍വീസ്, വോള്‍ ആന്റ് ഫ്‌ളോര്‍ ടൈലിങ്, വാട്ടര്‍ ടെക്‌നോളജി, വെബ് ടെക്നോളജി, വെല്‍ഡിംഗ്, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഐടി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് ഫോര്‍ ബിസിനസ്, കാര്‍ പെയിന്റിങ്, കാര്‍പന്ററി, ഐടി നെറ്റ്‌വര്‍ക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, കണ്‍ഫക്ഷണറി ആന്റ് പാറ്റിസ്സെറീസ്, മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് കമ്പ്യൂട്ടര്‍ എയ്ഡ് ഡിസൈന്‍, മൊബൈല്‍ റോബോട്ടിക്‌സ്, ഗ്രാഫിക്ക് ഡിസൈന്‍ ടെക്‌നോളജി, ഐടി നെറ്റ്‌വര്‍ക്ക് കേബ്‌ളിംഗ്, പ്രിന്റ് മീഡിയ ടെക്‌നോളജി, കുക്കിങ്, പ്ലാസ്റ്റിങ് ആന്റ് ഡ്രൈവോള്‍ സിസ്റ്റം എന്നിവയാണ് ഇന്ത്യ സ്‌കില്‍സ് കേരള 2020ലെ മത്സര ഇനങ്ങള്‍.

മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ എട്ടിന` ആരംഭിക്കും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബര്‍ ടെ്ക്‌നോളജി, ഐടി നെറ്റ്‌വര്‍ക്ക് കേബിളിംഗ്, വാട്ടര്‍ ടെക്‌നോളജി എന്നീ സ്‌കില്ലുകളില്‍ 01.01.1996നോ അതിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. മറ്റു 38 സ്‌കില്ലുകളില്‍ 01.01.1999നോ അതിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. വിവിധ കലാപരിപാടികളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തി അന്തര്‍ദ്ദേശീയ നിലവാരത്തിലാണ് വിപുലമായ രീതിയില്‍ ഇന്ത്യ സ്‌കില്‍സ് കേരള 2020 സംഘടിപ്പിക്കുന്നത്. നിശ്ചിത പ്രായപരിധിയില്‍ പെട്ട ഏത് വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും ഇന്ത്യ സ്‌കില്‍സ് കേരളയില്‍ മത്സരിക്കാം.

2020ലെ ഇന്ത്യ സ്‌കില്‍സ് കേരള മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്റെ അധ്യക്ഷതയില്‍ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ഇന്ത്യ സ്‌കില്‍സ് കേരളയുടെ വെബ്‌സൈറ്റും ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ംംം.ശിറശമസെശഹഹസെലൃമഹമ.രീാ എന്ന വെബ്‌സൈറ്റ് വഴി ഇന്ത്യ സ്‌കില്‍സ് കേരളയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും.

നിയമസഭാ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍, കെയ്‌സ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരും പങ്കെടുത്തു.