റഷ്യയിലെ കസാനില്‍ നടന്ന വേള്‍ഡ് സ്‌കില്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കേരളത്തില്‍നിന്നു പങ്കെടുത്തു സമ്മാനം നേടിയവരെ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആദരിച്ചു. ജിബിന്‍ വില്ല്യംസ് (ഫ്‌ളോറിസ്ട്രി), മുഹമ്മദ് റാബിത് (വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിംഗ്), നിധിന്‍ പ്രേം (3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്) എന്നിവരെയാണ് ആദരിച്ചത്. ഓഗസ്റ്റിലായിരുന്നു മത്സരങ്ങള്‍.
2018 ഏപ്രിലില്‍ നടന്ന ”ഇന്ത്യ സ്‌കില്‍സ് കേരള 2018”-ല്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയവര്‍ ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍നടന്ന വിവിധ മത്സരങ്ങളില്‍ മികച്ച വിജയം കൈവരിച്ചത് അഭിമാനകരമാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
7500 ഓളം യുവതീയുവാക്കളാണ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്. ജില്ലാ, മേഖലാ തല മത്സരങ്ങളില്‍ വിജയിച്ച 112 പേര്‍ കൊച്ചിയില്‍ വച്ചു നടന്ന അവസാന ഘട്ട മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ 41 പേര്‍ ദേശീയ മേഖലാമത്സരങ്ങളില്‍ പങ്കെടുത്തു. മേഖലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ സ്‌കില്‍സ് ഫൈനലില്‍ മത്സരിച്ചത്. ഒമ്പതുപേര്‍ മെഡലുകള്‍ കരസ്ഥമാക്കി. രണ്ടു സ്വര്‍ണ്ണവും അഞ്ചുവെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്. രണ്ടു പേര്‍ മെഡാലിയന്‍ ഫോര്‍ എക്‌സലന്‍സ് അവാര്‍ഡും കരസ്ഥമാക്കി.
മുഹമ്മദ് ബിലാല്‍ (ഗ്രാഫിക് ഡിസൈന്‍), കെ. എസ് സുഷിത് (ജോയിനറി) എന്നിവര്‍ ഹംഗറിയില്‍ നടന്ന യൂറോ സ്‌കില്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. നിധിന്‍ പ്രേം (3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്) അബുദാബിയില്‍ നടന്ന ഏഷ്യാ സ്‌കില്‍സ് മത്സരത്തിലും, മെല്‍ബണില്‍ നടന്ന ഗ്ലോബല്‍ സ്‌കില്‍സ് ഓസ്‌ട്രേലിയ മത്സരത്തിലും പങ്കെടുത്തു. ഗ്ലോബല്‍ സ്‌കില്‍സ് ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യക്കായി വെള്ളി മെഡലും ‘ബെസ്റ്റ് ഇന്‍ ദ നേഷന്‍’പുരസ്‌കാരവും നേടി.
എ. ജെ അദ്വൈത് (വെബ് ഡിസൈന്‍) അബുദാബിയില്‍ നടന്ന ഏഷ്യാ സ്‌കില്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഫ്രാന്‍സിസ് ലിജോ (സി എന്‍ സി ടര്‍ണിംഗ്) ഹൈടെക് റഷ്യ മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കി. യു കെ, അമേരിക്ക, ഡെന്മാര്‍ക്ക്, റഷ്യ , ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുത്ത വേള്‍ഡ് സ്‌കില്‍സ് മത്സരത്തിനു മുന്നോടിയായി ഡെന്മാര്‍ക്കില്‍ നടന്ന ട്രെയിനിംഗില്‍ മലപ്പുറം അഴീക്കോട് ഗവ.ഐടി ഐ വിദ്യാര്‍ഥി മുഹമ്മദ് റാബിത് (വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിംഗ്) രണ്ടാം സ്ഥാനം നേടി. സംസ്ഥാനത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച പ്രതിഭകളെ സംസ്ഥാന സര്‍ക്കാര്‍ സ്‌കില്‍ അംബാസിഡര്‍, സ്‌കില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിരുന്നു.