സംസ്ഥാനത്തെ നഗരഗതാഗതത്തിന്റെ ആസൂത്രണം, മേൽനോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവക്കായി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റികൾ രൂപീകരിക്കാനുള്ള ബിൽ നിയമസഭ പാസാക്കി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഡിസംബർ 11 ന് നിയമസഭയിൽ അവതരിപ്പിച്ച ബിൽ സെലക്റ്റ് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമാണ് വ്യാഴാഴ്ച സഭ പാസാക്കിയത്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു നിയമനിർമ്മാണം. യന്ത്രവൽകൃതമല്ലാത്തതുൾപ്പെടെയു
അതോറിറ്റി രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അർബൻ മൊബിലിറ്റി പ്രദേശങ്ങൾ പ്രഖ്യാപിച്ചു വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ അതിരുകളും പ്രദേശങ്ങളും കാണിക്കുന്ന ഭൂപടം പ്രസിദ്ധപ്പെടുത്തും. എന്നാൽ വിജ്ഞാപനം പുറപ്പെടുവിക്കാതെ ആക്ട്പ്രകാരം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷൻ പരിധി അർബൻ മൊബിലിറ്റി പ്രദേശങ്ങളാണ്.
അർബൻ മൊബിലിറ്റി പ്രദേശത്ത് മറ്റ് പ്രദേശങ്ങൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഒരു അർബൻ മൊബിലിറ്റി പ്രദേശത്തിന് ഒരു അതോറിറ്റിയാണ് രൂപീകരിക്കാവുന്നത്. (സംസ്ഥാനതലത്തിൽ ഒരു അതോറിറ്റിയല്ല).
ആദ്യം കൊച്ചി കോർപ്പറേഷൻ പരിധി ഉൾപ്പെടുന്ന അർബൻ മൊബിലിറ്റി പ്രദേശത്ത് അതോറിറ്റി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് നഗരങ്ങളിലും അർബർ മൊബിലിറ്റി പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും അതോറിറ്റി സ്ഥാപിക്കുന്ന കാര്യം പിന്നീട് പരിശോധിക്കാവുന്നതാണ്.
നഗരഗതാഗതത്തിന്റെ സങ്കീർണ്ണതകൾ ഒഴിവാക്കി എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴിലാക്കാനും നഗരഗതാഗതം സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോൾ വകുപ്പുകളുടെ ഏകോപനം ഉണ്ടാക്കാനും അതോറിറ്റി രൂപീകരണത്തിലൂടെ സാധിക്കും. അതോറിറ്റി നിലവിൽ വന്നാൽ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിൽ പദ്ധതി നിർവഹണത്തിലുള്ള വിടവ് തിരിച്ചറിയാം. വകുപ്പുകൾ വിവിധ പദ്ധതി പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തികളും നടപ്പാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട്് ഇല്ലാതാക്കാനും ഇത്തരം പ്രവൃത്തികൾ അതോറിറ്റി മുഖേന ഏകോപിപ്പിക്കാനാകും. നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ അർബൻ മൊബിലിറ്റി പ്രദേശങ്ങളായി പ്രഖ്യാപിക്കാതെ തന്നെ അതോറിറ്റികൾ രൂപീകരിക്കാം.
പ്രദേശ വികസന പ്ലാനുമായി സംയോജിപ്പിച്ച് സമഗ്ര മൊബിലിറ്റി പ്ലാൻ അഞ്ചുവർഷ ഇടവേളകളിൽ തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുക, നഗരങ്ങളിലെ യാത്രക്കാർക്ക് ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുതിന് വെബ് അധിഷ്ഠിത ഉപഭോക്തൃ വിവരാന്വേഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, നഗര ഗതാഗതത്തിന്റെ ഏകോപനം, സംയോജിതമായ ഗതാഗത ശൃംഖല നടത്തിക്കൊണ്ടുപോകുക തുടങ്ങിയവ അതോറിറ്റിയുടെ ചുമതലകളിൽപ്പെടും.
മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ സ്വകാര്യ ബസുകളുടെ സംയോജിത സമയക്രമീകരണം, റൂട്ട് പുനക്രമീകരണം എന്നിവ സംബന്ധിച്ച പൂർണചുമതല അതോറിറ്റിക്കാണ്. മാസ് ട്രാൻസ്പോർട്ടേഷൻ കാര്യക്ഷമമാക്കാൻ സ്റ്റേജ് കാര്യേജ് ബസ്സുകളുടെ റോഡ് ടാക്സ് കുറയ്ക്കുകയും പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ബസ് സ്റ്റാൻഡ് ഫീസ്, ടോൾ എന്നിവ ഒഴിവാക്കാനും ബില്ലിൽ നിർദ്ദേശമുണ്ട്. പ്രധാനകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയ്ക്ക് സമീപം ഓട്ടോ, ടാക്സി പാർക്കിംഗ് സൗകര്യവും നഗരങ്ങളിലെ പ്രധാനകേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളും വിശ്രമകേന്ദ്രങ്ങളും ഏർപ്പെടുത്തുക, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ അതോറിറ്റി കൈക്കൊള്ളുക തുടങ്ങിയവയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
അതോറിറ്റികൾ നിലവിൽ വരുമ്പോൾ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
നഗര ഗതാഗതനിധി രൂപീകരിക്കുന്നതിനും ഒരു ഗതാഗത നിക്ഷേപ പദ്ധതിയ്ക്ക് രൂപം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. നഗര ഗതാഗതത്തിന്റെ സംയോജനവും സംയോജിതമായ ഗതാഗത ശൃംഖല നടത്തിക്കൊണ്ടു പോകുക എന്നതും മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രധാന ചുമതലകളാണ്. ഇടതടവില്ലാത്ത ഗതാഗതത്തിനും മറ്റ് സമഗ്ര സൗകര്യങ്ങൾക്കും അവ മെച്ചപ്പെടുത്തുന്നതിനും അതോറിറ്റിയ്ക്ക് ചുമതലയുണ്ടായിരിക്കും.
ശാസ്ത്രീയമായി ബസ്-മറ്റ് അനുബന്ധ ഗതാഗത സർവ്വീസുകൾ ചിട്ടപ്പെടുത്തുന്നതോടു കൂടി മെട്രോ റെയിൽ സംവിധാനത്തെക്കാൾ വിപുലമായ രീതിയിൽ ഗതാഗതസംവിധാനം ഏർപ്പെടുത്താനാകും. അതോറിറ്റി രൂപീകരണത്തിന് മുന്നോടിയായി തന്നെ നഗരഗതാഗത സംയോജനത്തിനായി ‘സീംലെസ് മൊബിലിറ്റി ഫോർ കൊച്ചി’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ സംരഭത്തിന് മികച്ച സിറ്റി ബസ് സർവീസ് പദ്ധതിക്കുള്ള കേന്ദ്രപുരസ്കാരം ലഭിക്കുകയും ചെയ്തു.