പത്തനംതിട്ട: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ലാ വികസന ഏകോപന മോണിറ്ററിംഗ് സമിതി (ദിഷാ) യോഗം ആന്റോ ആന്റണി എം.പിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ്, വിവിധ വകുപ്പ് മേധാവികള്‍, ജനപ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2018-2019 വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പും നടപ്പുസാമ്പത്തിക വര്‍ഷത്തെ ജൂണ്‍ 30വരെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയുമാണ് യോഗം വിലയിരുത്തിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീണ്‍), പ്രധാനമന്ത്രി കൃഷി സിന്‍ചായ് യോജന, പി.എം.ജി.എസ്.വൈ പദ്ധതി, സര്‍വശിക്ഷാ അഭിയാന്, സ്വച്ച് ഭാരത് മിഷന്, ജനനി സുരക്ഷ യോജന, പ്രധാനമന്ത്രി മാതൃ വന്ദന യോജന ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്ര പദ്ധതികളുടെ അവലോകനമാണ് നടന്നത്.
2018-2019 വര്‍ഷത്തില്‍ ജില്ലയില്‍ 39,71,653 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ജില്ലയില്‍ നൂറ് ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ച 18,273 കുടുംബങ്ങളുണ്ട്.
150 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ച 2002 കുടുംബങ്ങള്‍ ജില്ലയിലുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി പ്രകാരം 2018-2019 വര്‍ഷം 648 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. നടപ്പുവര്‍ഷത്തെ പി.എം.ജി.എസ്.വൈ പദ്ധതില്‍ ജില്ലയ്ക്ക് ലഭ്യമായ 100 കിലോമീറ്റര്‍ റോഡിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടിക്രമം ത്വരിതപ്പെടുത്തും. സ്വച്ച് ഭാരത് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ എം.പിയും ജില്ലാ കളക്ടറും മുന്നോട്ടുവച്ചു. വിവിധ വകുപ്പ് മേധാവികള്‍ പദ്ധതികളുടെ പുരോഗതി എം.പിയെ ബോധിപ്പിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ ജില്ലയ്ക്ക് മുന്നേറാന്‍ സാധിച്ചതായി ആന്റോ ആന്റണി എം.പി വിലയിരുത്തി. പദ്ധതികള്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ എല്ലാവരും ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.