പാലക്കാട്: പാഠപുസ്തകങ്ങളിലെ പാഠങ്ങള്‍ക്കപ്പുറം സാമൂഹികപാഠങ്ങള്‍ കൂടി സ്വായത്വമാക്കുകയാണ് മുതലമട ചള്ള ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂള്‍ പ്ലാസ്റ്റിക് രഹിതമാക്കിയാണ് അവര്‍ മാതൃകയാകുന്നത്. പ്രധാനാധ്യാപിക രാധാമണിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നാണ് സ്‌കൂള്‍ പ്ലാസ്റ്റിക് രഹിതമാക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്‌കൂളിലെ 15 ക്ലാസ് മുറികളിലെ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് കുട്ടകള്‍ക്ക് പകരം മുളകൊണ്ട് നിര്‍മിച്ച കുട്ടകള്‍ സ്ഥാപിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വെള്ളകുപ്പികളും മിഠായികള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ മധുരപലഹാരങ്ങളും സ്‌കൂളില്‍ നിന്നും ഒഴിവാക്കി. വിദ്യാര്‍ഥികളുടെ പിറന്നാള്‍ ദിനത്തില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മിഠായികള്‍ കൊണ്ടുവരുന്നത് ഒഴിവാക്കി പകരം സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം കൊണ്ടുവരുന്ന ശീലം വളര്‍ത്തി. നഴ്സറി തലം മുതല്‍ നാലാം ക്ലാസ്സ് വരെ മുന്നൂറോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ തുണിസഞ്ചികള്‍ നല്‍കും. ഇതിനായി മുന്നൂറിലധികം തുണിസഞ്ചികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിലും ആരോഗ്യ ജീവിതശൈലി പ്രശ്നപരിഹാരങ്ങളിലും കുട്ടികളിലെ ബോധവത്ക്കരണം ലക്ഷ്യമിടുന്നുണ്ടെന്നും പ്രധാനാധ്യാപിക രാധാമണി പറഞ്ഞു. വിപുലമായ ഔഷധസസ്യ തോട്ടം പരിചരണം, വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി രാവിലെ 11 നും ഉച്ചയ്ക്ക് മൂന്നിനും ഏര്‍പ്പെടുത്തിയ വാട്ടര്‍ബെല്‍ സംവിധാനവും സ്‌കൂളില്‍ നടപ്പിലാക്കി വരുന്നു. മുതലമട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പ്ലാസ്റ്റിക്രഹിത പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.