ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും (സംസ്ഥാനം പോലെയുള്ള ഭരണ സംവിധാനം) കേരളവും തമ്മിൽ മത്സ്യബന്ധന-ജലവിഭവ വിനിയോഗ മേഖലകളിൽ സഹകരണമാവാമെന്ന് പടിഞ്ഞാറൻ ജപ്പാനിലെ മാറ്റ്‌സു സിറ്റിയിൽ ഷിമാനെ പ്രിഫെക്ചർ ഗവർണർ തത്സുയ മരുയാമ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു.

സാനിൻ റീജണിലെ ഒരു പ്രദേശമാണ് ഷിമാനെ പ്രിഫെക്ചർ. കേരളവും സാനിൻ റീജണും തമ്മിൽ വ്യാപാരം, നിക്ഷേപം, മാനവ വിഭവശേഷി സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാ പത്രം നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പിട്ടത് കേരള സർക്കാരും മറുഭാഗത്ത് ലേക്ക് നകൗമി, ലേക്ക് ഷിൻജി, മൗണ്ട് ഡെയ്‌സൺ ഏരിയ മേയേഴ്‌സ് അസോസിയേഷനുമാണ്.

മത്സബന്ധനം, ജലസ്രോതസ്സുകൾ എന്നിവയിൽ വൈദഗ്ധ്യം നേടിയ രണ്ട് വൊക്കേഷൻ ഹൈസ്‌കൂളുകൾ ഷിമാനെ പ്രിഫെക്ചറിൽ ഉണ്ട്. തുറമുഖങ്ങളുടെ നടത്തിപ്പിലും പ്രിഫെക്ചർ സക്രിയമാണ്.

ഷിമാനെയിൽ റൂബി പ്രോഗ്രാമിംഗ് ഭാഷയിൽ പരിശീലനം നേടുന്നതിന് അത്യാധുനിക സൗകര്യമുണ്ട്. സഹകരണത്തിന്റെ ഭാഗമായി കേരള ത്തിൽ നിന്നുള്ള അഞ്ച് എഞ്ചിനീയർമാർ ഈ സംവിധാനത്തിൽ പ്രവർ ത്തിക്കുന്നുണ്ട്.

കാർഷിക, വന മേഖലകൾ ഷിമാനെ പ്രിഫെക്ചറിൽ ശക്തമാണെന്ന് ഗവർണർ പറഞ്ഞു. ഈ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യത കളെക്കുറിച്ച് സാനിൽ ഇന്ത്യ അസോസിയേഷനുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജപ്പാനിലെ താരതമ്യേന കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശമാണ് സാനിൻ. സ്വകാര്യ വാഹനങ്ങളാണ് ഗതാഗതത്തിന്റെ ഒരു പ്രധാന മാർഗം. അതിനാൽ റോഡ് മാനേജ്‌മെന്റിന്റെ വിഷയത്തിൽ ഷിമാനെ യ്ക്ക് ദീർഘകാലമായി താൽപര്യമുണ്ടെന്ന് ഗവർണർ മരുയാമ പറഞ്ഞു.