പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്കു കാലയളവില്‍ ജില്ലയിലെ ഹോട്ടലുകള്‍ ഭക്ഷണത്തിനു ഈടാക്കേണ്ട വിലയില്‍ കൂടുതല്‍ ഈടാക്കിയതിന് പന്തളം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ആര്യാസ് വെജിറ്റേറിയന്‍ ഹോട്ടലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ശബരിമല സീസണില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഈടാക്കേണ്ട വിലവിവരപ്പട്ടിക ജില്ലാ കളക്ടര്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്നതിന് വിരുദ്ധമായി അമിത വില ഈടാക്കിയതിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി 10 രൂപ വിലവരുന്ന ഉഴുന്നു വടയ്ക്ക് 12 രൂപയും 40 രൂപ വില വരുന്ന മസാല ദോശയ്ക്ക് 55 രൂപയും 15 രൂപ വില വരുന്ന ബ്രൂ കോഫിയ്ക്ക് 20 രൂപയുമാണ് അമിത വില ഈടാക്കിയത്. പരാതിയെത്തുടര്‍ന്ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം.അനില്‍,റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ ബെറ്റ്സി പി വര്‍ഗീസ്, ഹസീന.എം, സ്മിത.പി, സന്തോഷ്.കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.