കാക്കനാട്: ജില്ലയിൽ ടെണ്ടർ നടപടികൾ പൂർത്തിയായ റോഡുകളുടെ നിർമ്മാണം ഉടനടിയാരംഭിക്കാൻ ജില്ലാ വികസന സമിതിയോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ടെണ്ടർ നടപടികൾ പൂർത്തിയായ പല നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കാൻ കാലതാമസമെടുക്കുകയാണെന്ന ജന പ്രതിനിധികളുടെ പരാതി പരിഗണിച്ചാണ് നടപടി. പിറവം മണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ ആസ്പത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കണം. ഇരുമ്പനം ഭാഗത്ത് ഐ.ഒ.സി, ബി.പി.സി.എൽ കമ്പനികളിലേക്കുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. ജില്ലയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എടുക്കാൻ കരാറുകാർ തയ്യാറാകാത്തതിനെ കുറിച്ച് പഠിക്കണമെന്ന് റോജി.എം.ജോൺ എം.എൽ.എ ആവശ്യപ്പെട്ടു.
ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ ഫണ്ടനുവദിച്ച പ്രധാനപ്പെട്ട 25 റോഡുകളുടെ നിർമ്മാണം ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. മാർക്കറ്റ് വിലയും അവർക്കനുവദിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസമാണ് ഇതിന് കാരണം.ഇത് പരിഹരിക്കാൻ യോഗം വിളിക്കണം. പ്രളയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള വേതനം നൽകണമെന്നും അങ്കമാലി മിനി സിവിൽ സ്റ്റേഷനിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ചേരാനല്ലൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കോടതി വിധിയെ തുടർന്ന് കോർപ്പറേഷൻ പരിധിയിൽ 175 കുടുംബങ്ങൾ കുടിയിറക്കൽ ഭീഷണിയിലാണെന്നും ഇവരുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേരാനല്ലുരിൽ തിങ്കളാഴ്ച മുതൽ ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിക്കുമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകി.
മുവാറ്റുപുഴ മുളവൂർ – പൊന്നിരിക്ക പറമ്പ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളും നാട്ടുകാരുടെ ആശങ്കകളും പരിഹരിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി.യുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഇവിടെ ഇലാഹിയാ കോളജ് ട്രസ്റ്റിന്റെ കൈയ്യേറ്റമൊഴിപ്പിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഹരിക്കാൻ ഉടനടി യോഗം വിളിക്കാമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് യോഗത്തിൽ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗീക പ്രസിദ്ധീകരണങ്ങളായ സമകാലീക ജനപഥം, കേരള കോളിംഗ് എന്നിവയുടെ പ്രചാരം ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ വർധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.ജില്ലയിൽ നിന്നും 5000 പേരെയാണ് വരിക്കാരായി ചേർക്കുന്നത്. ഇതിനായി ഓരോ വകുപ്പുകളും ഈ മാസം 10 നകം വരിക്കാരുടെ എണ്ണം ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറാനും യോഗം നിർദ്ദേശം നൽകി. എം.എൽ.എ.മാരായ അനൂപ് ജേക്കബ്, റോജി.എം.ജോൺ, ടി.ജെ.വിനോദ്, ജില്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ തുടങ്ങിയവർ പങ്കെടുത്തു.