കൊച്ചി: റോഷ്നി പദ്ധതി നടപ്പാക്കിയ സ്കൂളുകളില്‍ നടന്നു വരുന്ന അന്തര്‍ സംസ്ഥാന സാംസ്കാരിക പരിപാടിയായ സമന്വയം 2019 ന്റെ സമാപന സമ്മേളനം പബ്ലിക് ഇൻസ്ട്രക്ഷൻ അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ് ഉദ്ഘാനം ചെയ്തു.

അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന റോഷ്നി പദ്ധതിയിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്കാണ് ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം വേദിയായത്.

റോഷ്നി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബഹുസ്വര നൃത്തം, വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ രുചിഭേദങ്ങള്‍ പാചകക്കുറിപ്പിന്‍റെ പ്രകാശനം, വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, റോഷ്നി നാള്‍വഴികള്‍ ആലേഖനം ചെയ്ത റോഷ്നി പുതുവര്‍ഷ കലണ്ടറിന്‍റെ പ്രകാശനം, കള്‍ച്ചറല്‍ ഫെസ്റ്റില്‍ വിജയം നേടിയ റോഷ്നി സ്കൂളുകള്‍ക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിൽ നടന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എന്നിവയുടെ സഹകരണത്തോടെയും ബി.പി.സി.എല്ലിന്‍റെ സാമ്പത്തികപിന്തുണയോടെയുമാണ് റോഷ്നി പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ എഇഒ എൻ. എക്സ് അൻസലാം, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഉഷ മാനാട്ട്, റോഷ്നി ജനറൽ കോ- ഓർഡിനേറ്റർ സി.കെ. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.