പത്തനംതിട്ട: റിംഗ് റോഡില്‍ അനധികൃത കൈയേറ്റം നടത്തിയവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. റിംഗ് റോഡില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിശേഷമാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. റിംഗ് റോഡില്‍ ആക്സിസ് ബാങ്കിന് എതിര്‍വശത്ത് സര്‍വേ നമ്പര്‍ 368/2 ലുള്ള മൂന്നര സെന്റ്  ഭൂമി പി.ഡബ്ല്യു.ഡി റോഡ് പുറമ്പോക്കും തോട് പുറമ്പോക്കുമായ സ്ഥലമാണ്. ഈ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മ്മിച്ചതായി കണ്ടെത്തി. ഉടമസ്ഥനെതിരേ അടിയന്തരമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സ്വകാര്യ വ്യക്തികള്‍ക്കു സ്വന്തമായി സ്ഥലമില്ലാത്ത ഇടമാണ് ആക്സിസ് ബാങ്കിന് എതിര്‍വശമുള്ള സ്ഥലം.
റിംഗ് റോഡില്‍ മറ്റിടങ്ങളിലും അനധികൃത കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സെന്റ് പീറ്റേഴ്സ് ജംഗ്ഷന് കിഴക്കുവശത്ത് സര്‍വേ നമ്പര്‍ 34/8 ല്‍പ്പെട്ട റോഡ് പുറമ്പോക്കും 35/1 ല്‍ ഉള്‍പ്പെട്ട തോട് പുറമ്പോക്കും കൂടിച്ചേര്‍ന്ന നാല് സെന്റ് സ്ഥലം കൈയേറി സ്വകാര്യ വ്യക്തി ഹോട്ടല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ശ്രീവത്സം ടെക്സ്റ്റയില്‍സിന് മുന്‍വശവും കസിന്‍സ് ഹോട്ടലിന് മുന്‍പിലുള്ള റോഡ് കൈയേറ്റവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൈയേറ്റക്കാര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
എ.ഡി.എം: അലക്സ് പി തോമസ്, കോഴഞ്ചേരി തഹസില്‍ദാര്‍ ബി.ജ്യോതി, കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ലളിത, സാം പി തോമസ്, പത്തനംതിട്ട വില്ലേജ് ഓഫീസര്‍ എസ്.സുനില്‍ കുമാര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.