പത്തനംതിട്ട: ഇലന്തൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാനുള്ള നിര്‍ദിഷ്ട സ്ഥലം ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു. ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലവും സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ട രണ്ടേക്കര്‍ പന്ത്രണ്ട് സെന്റ് സ്ഥലവുമാണ് കളക്ടര്‍ സന്ദര്‍ശിച്ചത്.
ഇലന്തൂര്‍ പൂമലക്കുന്നില്‍ അഞ്ചേക്കര്‍ പന്ത്രണ്ട് സെന്റ് സ്ഥലമാണ് കോളേജിനായി ലഭിക്കുക. ഖാദി ബോര്‍ഡിന്റെ മൂന്നേക്കര്‍ ഭൂമി റവന്യു വകുപ്പ് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറുന്നതോടെ സ്ഥലം കോളേജിന് ലഭ്യമാകും. ശേഷിക്കുന്ന രണ്ടേക്കര്‍ പന്ത്രണ്ട് സെന്റ് ഭൂമിയുടെ ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് കിറ്റ്കോയുടെ നേതൃത്വത്തിലാണ് കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 2014 ല്‍  ആരംഭിച്ച ഗവ.കോളേജ് നിലവില്‍ ഇലന്തൂര്‍ ഗവ.ഹൈസ്‌കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
എ.ഡി.എം: അലക്സ് പി. തോമസ്, ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, കോഴഞ്ചേരി തഹസില്‍ദാര്‍ ബി.ജ്യോതി, കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, റവന്യൂ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് പി.ജെ എബ്രഹാം, ഇലന്തൂര്‍ ഗവണ്‍മെന്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ജിജു വര്‍ഗീസ് ജേക്കബ്, പഞ്ചായത്ത് മെമ്പര്‍ കെ.പി മുകുന്തന്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.