യുവത എല്ലാക്കാലത്തും സമൂഹത്തിന്റെ നാലടി മുന്നിൽ നടക്കേണ്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമിതിക്കായി വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കാളിത്തം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചീഫ് മിനിസ്‌റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെയും അതിനു കീഴിലുള്ള കോളേജുകളിലെയും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളാണ് കോൺക്ലേവിൽ പങ്കെടുത്തത്.
വിദ്യാർത്ഥികളുടെ കൂട്ടായ ശക്തി നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയും നാടിന്റെ പുനർനിർമിതിയുടെ ഭാഗമാവുകയും വേണം. വിദ്യാർത്ഥികളുടെ അറിവ് നാടിന് പ്രയോജനപ്രദമായ വിധത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിക്കണം. വിദ്യാർത്ഥി സമൂഹം ഒരിക്കലും പിന്തിരിപ്പൻ ആശയങ്ങളുടെ വക്താക്കളായി മാറരുത്. സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് വിദ്യാർത്ഥികൾ ബോധവാൻമാരായിരിക്കണം. ചിലരെങ്കിലും ഇപ്പോഴും സാമ്പത്തിക ദുരിതം അനുഭവിക്കുന്നുണ്ട്. പഠിക്കുന്ന കോളേജിന്റെ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകളും ഒന്ന് സന്ദർശിച്ചാൽ ഈ അവസ്ഥ മനസിലാകുമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു.
പാവപ്പെട്ടവർക്ക് പിന്തുണ എന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ ക്ഷേമപെൻഷനുകൾ നൽകുന്നത്. ദാരിദ്ര്യം അനുഭവിക്കാത്തവർക്ക് അതിന്റെ ദുരന്തം മനസിലാവില്ല. പണ്ട് ജാതീയമായ വേർതിരിവിനെ തുടർന്ന് സമൂഹത്തിന്റെ താഴെത്തട്ടിലായിപ്പോയവരെ മുൻനിരയിലെത്തിക്കുന്നതിനായാണ് സംവരണം ആരംഭിച്ചത്. ആ വിഭാഗത്തിലെ മഹാഭൂരിപക്ഷവും ഇപ്പോഴും സാമൂഹ്യമായ അവശത അനുഭവിക്കുന്നവരാണ്. ഈ സ്ഥിതി നിലനിൽക്കുന്നിടത്തോളം സംവരണം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടലിലും കായലിലും മാലിന്യം വലിച്ചെറിയുന്നത് പരിഹരിക്കുന്നതിന് നവകേരള നിർമാണത്തിൽ നടപടിയുണ്ടാവണമെന്ന അഭിപ്രായം വിദ്യാർത്ഥികളിൽ നിന്നുണ്ടായി. ഗ്രാമീണ മേഖലയിൽ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കണമെന്ന നിർദ്ദേശവുമുണ്ടായി. കാർഷിക മേഖലയേയും കർഷകരേയും സഹായിക്കുന്നതിന് കൂടുതൽ നടപടികളുണ്ടാവുന്നതിലൂടെ നാടിന്റെ പുരോഗതി സാധ്യമാകുമെന്ന ആശയം വിദ്യാർത്ഥികൾ പങ്കുവച്ചു. ക്യാമ്പസുകളെ ലഹരി മുക്തമാക്കുന്നതിന്റേയും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റേയും ആവശ്യം സംബന്ധിച്ചും വിദ്യാർത്ഥികൾ സംസാരിച്ചു. ക്യാമ്പസുകളിലെ സ്ത്രീകളുടെ ശുചിമുറികൾ വൃത്തിയുള്ളവയായിരിക്കണമെന്നും ജനങ്ങൾക്ക് ഒത്തുചേരാൻ പ്രധാനയിടങ്ങളിൽ വേദികളുണ്ടാവണമെന്നും അഭിപ്രായമുണ്ടായി.
വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന നിലയുണ്ടാവണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇക്കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇവിടത്തെ തൊഴിൽ സംസ്‌കാരം മാറണം. വിദേശങ്ങളിൽ പഠനത്തിനൊപ്പം ഹോട്ടലുകളിൽ പാർട്ട്‌ടൈം ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. കേരളത്തിൽ വിദ്യാർത്ഥികൾക്ക് പാർട്ട്‌ടൈം ജോലി ചെയ്യുന്നതിന് സർക്കാർ അവസരമൊരുക്കും.
സിലബസ് പരിഷ്‌കരണം, ഭിന്നശേഷി വിദ്യാർത്ഥി സൗഹൃദ കാമ്പസുകൾ, കോളേജുകളിൽ മാലിന്യ സംസ്‌കരണ യൂണിറ്റുകൾ, റോഡുകളുടെ പുനർനിർമിതി, കുട്ടനാട് മേഖലയുടെ വികസനം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളും വിദ്യാർത്ഥികൾ ഉന്നയിച്ചു.
വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ മറുപടി പറഞ്ഞ് തീർക്കേണ്ടവയല്ലെന്നും നടപ്പാക്കേണ്ടവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടവയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കും. ഗവേഷണ നിലവാരവും മെച്ചപ്പെടണം. കാലം മാറുന്നതിനനുസരിച്ച് പുതിയ സമ്പ്രദായങ്ങൾ വിദ്യാഭ്യാസ രംഗത്ത് ആവശ്യമാണ്. കലാലയങ്ങളിൽ പൊതുഅച്ചടക്കത്തിന് നിരക്കാത്ത വിധത്തിൽ പ്രവർത്തനം ഉണ്ടായാൽ കണ്ടില്ലെന്ന് നടിക്കുന്ന രീതി സ്ഥാപനത്തെ മുന്നോട്ടു നയിക്കില്ല. സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണം.
അധ്യാപകരായാലും വിദ്യാർത്ഥികളായാലും ഇതിനെതിരായി പോകാൻ പാടില്ല. അങ്ങനെ പോകുമ്പോഴാണ് നിയമങ്ങളും ചട്ടങ്ങളും പ്രയോഗിക്കേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, കേരള സർവകലാശാല വൈസ് ചാൻസലൻ ഡോ. മഹാദേവൻ പിള്ള, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ, കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വി. വിഘ്‌നേശ്വരി, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ സന്നിഹിതരായിരുന്നു.