ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂർത്തികരിക്കുന്നതിന് സാബിർ, നദീറ ദമ്പതികൾ പത്താംതരം പരീക്ഷയെഴുതാൻ എത്തി. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷ എഴുതാനാണ് സാബിറും നദീറയും ഉൾപ്പെടെ ആറ് ദമ്പതികൾ കോട്ടയം ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ എത്തിയത്.

കോട്ടയം കുമ്മനം മാടപ്പള്ളി പുത്തൻപുര വീട്ടിൽ സാബിറും ഭാര്യ നദീറയും വിദ്യാഭ്യാസ കാലഘട്ടത്തിൽ പത്താം ക്ലാസ് വരെ പഠിച്ചവരായിരുന്നു.പത്താം ക്ലാസ് വിജയിക്കണമെന്ന മോഹമാണ് ഇരുവരെയും സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ ക്ലാസിൽ എത്തിച്ചത്.ഇവരുടെ രണ്ട് മക്കളും സ്കൂൾ വിദ്യാർത്ഥികളാണ്.

തപാൽ വകുപ്പിലും എസ്.ബി.ഐയിലും ജോലി ചെയ്യുന്ന കോട്ടയം കളക്‌ട്രേറ്റിന് സമീപം ലക്ഷ്മിഭവനിൽ അയ്യപ്പൻ, തങ്കം ദമ്പതികളും പത്താംതരം പരീക്ഷ എഴുതാനെത്തി. ഇവർക്ക് ബിരുദങ്ങൾ നേടിയ മൂന്ന് മക്കളുണ്ട്.

വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയിരുന്ന

പള്ളം പാക്കിൽ മുണ്ടയ്ക്കാട് ഐസൺ ജേക്കബും ഭാര്യ രാജിമോളും, ചെങ്ങളം കളരിത്തറ വീട്ടിൽ ഷാനൂഹും ഭാര്യ ഹസീതയും, ചിങ്ങവനം മുളയ്ക്കാഞ്ചിറ പുതുവയൽ വീട്ടിൽ കെ.സുരേഷും ഭാര്യ രാജിയും, അയ്മനം പുത്തൻപുരയിൽ അജിലാലും ഭാര്യ സിജിമോളും പത്താംതരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചതിന് ശേഷം പരീക്ഷ എഴുതാനെത്തിയ ദമ്പതികളിൽ ഉൾപ്പെടുന്നു.

ജില്ലയിലെ 11 സെന്ററുകളിലായി 565 പേർ പത്താംതരം പരീക്ഷയെഴുതി. ഇവരിൽ 301 സ്ത്രീകളും 264 പുരുഷന്മാരും ഉൾപ്പെടുന്നു. ഡിസംബർ 31 ന് പരീക്ഷ അവസാസിക്കും.

ഹയർ സെക്കണ്ടറി പരീക്ഷയെഴുതാൻ 399 പേർ എത്തി. 235 സ്ത്രീകളും 164 പുരുഷന്മാരും പരീക്ഷക്ക് എത്തി. പരീക്ഷ 29 ന് അവസാനിക്കും.