കേരളത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലോട്ടറി മേഖലയുടെ സംഭാവന വളരെ വലുതാണെന്ന് ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഗവ. വിക്ടോറിയ കോളെജില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംസ്ഥാനതല കലാ കായിക മേള സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതത്തില്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികളെന്നും ഇതിനാലാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ലോട്ടറിമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് ലോട്ടറി ക്ഷേമനിധി ബോര്‍ഡ് നടത്തി വരുന്നത്. ലോട്ടറി മേഖലയില്‍ വന്‍ പ്രവര്‍ത്തനം നടത്തി വരുന്നതിനിടയിലാണ് ലോട്ടറി ടാക്സ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഇത് സംസ്ഥാനത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന ലോട്ടറികളേയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭാഗ്യക്കുറി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കാഴ്ച വെച്ച ജില്ലാ ഓഫീസിനുള്ള അവാര്‍ഡ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സമ്മാനിക്കുന്നു

കേരള ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ സിനി പി ഇലഞ്ഞിക്കല്‍, ബോര്‍ഡ് മെമ്പര്‍മാരായ ഫിലിപ്പ് ജോസഫ്, വി ബാലന്‍, സുബൈര്‍ ടി.ബി, സംസ്ഥാന ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് ജി ശര്‍മ്മ,ഡോ. ജെ ജയകുമാര്‍, സ്വാഗത സംഘം വര്‍ക്കിംങ് ചെയര്‍മാനും മുന്‍ എം. എല്‍.എ.യുമായ ടി.കെ നൗഷാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജയകുമാര്‍ എസ്, രാജേന്ദ്രന്‍, കെ. സി പ്രീത്, ഉണ്ണികൃഷ്ണന്‍, കുശലകുമാരന്‍, രമണന്‍ പടന്നയില്‍, മോഹന്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കാഴ്ച വെച്ച ജില്ലാഭാഗ്യക്കുറി ഓഫീസിനുള്ള അവാര്‍ഡ് കണ്ണൂര്‍, ആലപ്പുഴ, പാലക്കാട് ജില്ലാ ഓഫീസുകള്‍ പങ്കിട്ടു.