ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളുടെ പതോളജിയെക്കുറിച്ച് ആർ.സി.സിയിലെ പതോളജി വിഭാഗം 11ന് ഏകദിന തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു. ഇമ്മ്യൂണോ ഹിസ്റ്റോകെമിസ്ട്രി, മോളിക്യൂലർ പതോളജി എന്നിവ ഉപയോഗപ്പെടുത്തി ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകൾ സ്ഥിരീകരിക്കുന്നതിനെക്കുറിച്ചും രോഗനിർണയത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പരിപാടിയിൽ ചർച്ച നടത്തും.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. യു.എസ്.എയിലെ മയോ ക്ലിനിക്കിലെ അനാട്ടമി ആൻഡ് ലബോറട്ടറി മെഡിസിൻ ആൻഡ് പതോളജി വിഭാഗം പ്രൊഫസ്സർ ഡോ.ജോക്വിൻ.ജെ.ഗാർസിയ, മുംബൈ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ മുൻ പ്രൊഫസർ ഡോ.ശുഭദാ കേൻ, ഡോ.മുനിതാ ബാൽ എന്നിവർ പ്രഭാഷണം നടത്തും.

പതോളജി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കും, കൺസൾട്ടന്റുകൾക്കും വേണ്ടി സ്ലൈഡ് പ്രസന്റേഷൻ മത്സരവുമുണ്ട്. തൈറോയ്ഡ്, ഉമിനീർ ഗ്രന്ഥി, സൈനസ്, വായ് തുടങ്ങിയ ഭാഗങ്ങളിലെ ക്യാൻസറുകളുടെ പതോളജിയെ കുറിച്ച് വിദഗ്ദ്ധർ പ്രഭാഷണം നടത്തും.
ഇരുനൂറോളം പതോളജിസ്റ്റുകൾ പങ്കെടുക്കുന്ന പരിപാടി ആർ.സി.സി ഡയറക്ടർ, ഡോ.രേഖ.എ.നായർ രാവിലെ ഒൻപതിന് ഉദ്ഘാടനം ചെയ്യും.