ഒട്ടേറെ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടാനായ രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ ഒരുമയിലാണ് നിലകൊള്ളുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ റിപബ്ളിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശാസ്ത്ര – സാങ്കേതിക രംഗത്ത് കൈവരിക്കാനായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി നല്ല നാളെയ്ക്കായി നിലകൊള്ളാനാകണം. ജാതി, മത, വർണ, വർഗീയ വ്യത്യാസങ്ങൾക്കപ്പുറം നാം ഒന്നാണെന്ന ചിന്തയുണ്ടാവുകയാണ് പ്രധാനം.
അതിർത്തി കാക്കുന്ന ജവാ•ാരുടെ ത്യാഗവും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരേയും അധ്വാനിക്കുന്ന കർഷകരേയുമെല്ലാം നാം ഓർക്കേണ്ടതുണ്ട്. ഒട്ടേറെ വെല്ലുവിളികളിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ജാതീയമായും മതപരമായും വിഭജിക്കാനുള്ള ശ്രമങ്ങൾ മുന്നിലുണ്ട്. പക്ഷെ നാം ഒന്നാണ് എന്ന ഉന്നത മൂല്യമാണ് ഉയർത്തിപ്പിടിക്കേണ്ടത്. എവിടെ കൂട്ടായ്മ നഷ്ടമാകുന്നുവോ എവിടെ ഒരുമയ്ക്ക് ക്ഷീണം സംഭവിക്കുന്നുവോ അവിടെ ദേശീയതയ്ക്ക് കോട്ടം തട്ടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിറപ്പകിട്ടാർന്ന റിപബ്ളിക് ദിനാഘോഷത്തിന്റെ നിറവിൽ കൊല്ലം
വിശിഷ്ടാതിഥിയായ ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ ലാൽ ബഹദൂർ സ്റ്റേഡിയത്തിലെത്തി ദേശീയ പതാക ഉയർത്തി റിപബ്ളിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചതോടെ ഔദ്യോഗിക ആഘോഷത്തിന് തുടക്കമായി. ജില്ലാ കലക്ടർ ഡോ. എസ്. കാർത്തികേയൻ, സിറ്റി പൊലിസ് കമ്മിഷണർ ഡോ. എ. ശ്രീനിവാസ്, റൂറൽ പൊലിസ് മേധാവി ബി. അശോകൻ എന്നിവർ മന്ത്രിക്കൊപ്പം വേദിയിൽ അണിനിരന്നു.
ലോക്കൽ പൊലീസ്, സായുധ പൊലീസ്, അഗ്നിശമനസേന, എൻ.സി.സി. , സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലിസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകൾ പരേഡിൽ അണിനിരന്നു. എ. എസ്. പി. ട്രെയിനി ആർ. ഇളങ്കോ പരേഡിന് നേതൃത്വം നൽകി.
സേനാവിഭാഗങ്ങളുടെ പരേഡിന് പിന്നാലെ ജില്ലയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ കുട്ടികളുടെ നിറപകിട്ടാർന്ന ഡിസ്പേളേ , ദേശീയ ഗാനാലാപനം എന്നിവയും നടന്നു.
സ്വാതന്ത്ര്യ സമര സേനാനികളെ മേയർ അഡ്വ. വി. രാജേന്ദ്രബാബു ആദരിച്ചു. തുടർന്ന് പരേഡിൽ പങ്കെടുത്ത സേനാവിഭാഗങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും മന്ത്രി പി. തിലോത്തമൻ സമ്മാനങ്ങൾ കൈമാറി. പൊലിസ് മെഡലുകളും അദ്ദേഹം സമ്മാനിച്ചു.
എം. എൽ. എ. മാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസഡന്റ് കെ. ജഗദമ്മ, വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സബ്കലക്ടർ ഡോ. എസ്. ചിത്ര, എ. ഡി. എം. കെ.ആർ. മണികണ്ഠൻ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഹരിതചട്ടം പാലിച്ചു നടത്തിയ ചടങ്ങുകൾക്ക് അനുബന്ധമായി ജില്ല ശുചിത്വമിഷന്റെ ഹരിത ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.